തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെയും മുന്നണിയിൽ വകുപ്പ് വിഭജനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ചർച്ചകളും തുടരുന്നു. ഫിഷറീസ് ഉൾപ്പെടെ ചില പ്രധാന വകുപ്പുകളുടെ കാര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. ഫിഷറീസ് വകുപ്പ് നൽകിയാൽ മാത്രമേ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകൂ എന്ന കടുത്ത നിലപാടിലാണ് മുസ്ലിം ലീഗ്. എന്നാൽ ഫിഷറീസ് വകുപ്പ് ലീഗിന് വിട്ടുനൽകുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ വിയോജിപ്പുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടർചർച്ചകൾ ഇന്നും തുടരുകയാണ്. വകുപ്പ് വിഭജനം ഇന്നത്തെ ചർച്ചകളോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് മുന്നണി നേതാക്കളുടെ പ്രതീക്ഷ. ഇതിന് ശേഷം അന്തിമ വകുപ്പ് പട്ടിക ഗവർണർക്ക് കൈമാറും.
അതേസമയം മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ വലിയ അസംതൃപ്തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കിടയിൽ ചാണ്ടി ഉമ്മൻ എം എൽ എയും മാതാവ് മറിയാമ്മ ഉമ്മനും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ഇതൊരു സൗഹൃദ സന്ദർശനം മാത്രമാണെന്ന് എ കെ ആന്റണിയും ചാണ്ടി ഉമ്മനും പ്രതികരിച്ചു. ജനങ്ങൾ വെറുത്തിട്ട് ഒരു പദവി നേടിയിട്ട് എന്ത് കാര്യമെന്ന പിതാവ് ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ ഓർക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
തനിക്ക് കേരളത്തിന്റെ മകൻ എന്ന പദവിയുണ്ടെന്നും അതിന് ജീവിതം കൊണ്ട് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസ്ഥാനത്തേക്ക് തന്റെ പേര് ഒരിക്കലും പരിഗണിച്ചിരുന്നില്ലെന്നും മാധ്യമങ്ങളാണ് ഇത്തരമൊരു വാർത്ത ചമച്ചുണ്ടാക്കിയതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.
പ്രൗഢഗംഭീരമായ ചടങ്ങിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി ഇന്നലെയാണ് കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

