Wed. Jun 10th, 2026

ഓസ്ലൊ: അന്താരാഷ്ട്ര ബഹുമതികളുടെ നേട്ടത്തിൽ പുതിയ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോർവേയുടെ പരമോന്നത സിവിൽ ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റിന്റെ ഏറ്റവും ഉയർന്ന പതിപ്പാണിത്. സ്വീഡന്റെ പരമോന്നത പുരസ്കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് നോർവേയിൽ നിന്നും മോദിയെ തേടി ഈ അംഗീകാരമെത്തുന്നത്. ഇതോടെ ആഗോള തലത്തിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന പരമോന്നത ബഹുമതികളുടെ എണ്ണം 32 ആയി ഉയർന്നു.

വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനും ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനും മോദി നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് ഈ പുരസ്കാരം. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. സന്ദർശനത്തിനിടെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി.

നേരത്തെ നെതർലൻഡ്‌സ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലെത്തിയത്. സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു സന്ദർശനം. 2018-ലെ ആദ്യ ഇന്ത്യ- നോർഡിക് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി മോദി സ്വീഡൻ സന്ദർശിക്കുന്നത് ഇതാദ്യമായാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വ്യവസായ സഹകരണ മേഖലകൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിമാർ ചർച്ച ചെയ്തു. യൂറോപ്പിലെ പ്രമുഖ വ്യവസായ പ്രമുഖർ പങ്കെടുത്ത ഈ ആഗോള ബിസിനസ്സ് കൂട്ടായ്മയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രിയും ചേർന്ന് അഭിസംബോധന ചെയ്തു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും ഈ സുപ്രധാന യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *