ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ നിർണ്ണായക മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റ് നഷ്ടമായി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈക്കായി തകർപ്പൻ തുടക്കമിട്ടെങ്കിലും ഇത്തവണയും പവർപ്ലേ കടക്കാൻ സഞ്ജുവിനായില്ല.
ഹൈദരാബാദിനായി നിതീഷ് കുമാർ റെഡ്ഡി എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാമത്തെ പന്ത് നോബോളായിരുന്നു. തുടർന്ന് ലഭിച്ച ഫ്രീ ഹിറ്റ് പന്തിൽ തകർപ്പൻ സിക്സറടിച്ചാണ് സഞ്ജു അക്കൗണ്ട് തുറന്നത്. ആ ഓവറിൽ രണ്ട് ഫോറുകൾ കൂടി നേടിയ താരം ആദ്യ ഓവർ പൂർത്തിയാകുമ്പോൾ 6 പന്തിൽ 15 റൺസെടുത്തിരുന്നു. പ്രഫുൽ ഹിംഗെ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന മൂന്ന് പന്തുകളും ബൗണ്ടറി കടത്തി ഹാട്രിക് ഫോറുകളുമായി സഞ്ജു ചെപ്പോക്കിലെ ചെന്നൈ ആരാധകരെ ആവേശത്തിലാഴ്ത്തി.
ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് മൂന്നാം ഓവറിൽ സ്വയം ബൗളിംഗിനെത്തി. ഓവറിലെ രണ്ടാം പന്തിൽ വിക്കറ്റിന് പിന്നിൽ ക്യാച്ചിനായി ഹൈദരാബാദ് അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് അനുവദിച്ചില്ല. തുടർന്ന് ഹൈദരാബാദ് റിവ്യൂ എടുത്തുവെങ്കിലും അൾട്രാ എഡ്ജ് പരിശോധനയിൽ പന്ത് സഞ്ജുവിന്റെ ബാറ്റിൽ തട്ടിയിട്ടില്ലെന്ന് വ്യക്തമായി. തൊട്ടടുത്ത പന്തിൽ സമാനമായ രീതിയിൽ സഞ്ജുവിനെ വിക്കറ്റിന് പിന്നിൽ ഇഷാൻ കിഷൻ കൈപ്പിടിയിലൊതുക്കി. ഇത്തവണ അമ്പയർ ഔട്ട് വിളിച്ചതോടെ നോൺ-സ്ട്രൈക്കർ റുതുരാജ് ഗെയ്ക്‌വാദുമായി ആലോചിച്ച് സഞ്ജു റിവ്യൂ എടുത്തു. എന്നാൽ അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ ഉരസിയതായി വ്യക്തമായതോടെ സഞ്ജുവിന് നിരാശയോടെ മടങ്ങേണ്ടി വന്നു.
ചെന്നൈയിലെ ഈ സീസണിലെ അവസാന ഹോം മത്സരത്തിൽ 13 പന്തിൽ 5 ഫോറും ഒരു സിക്സറുമടക്കം 27 റൺസാണ് സഞ്ജു നേടിയത്. ഈ മത്സരത്തിൽ വലിയ സ്കോർ കണ്ടെത്തിയിരുന്നെങ്കിൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നേറാമായിരുന്ന സഞ്ജു നിലവിൽ 477 റൺസുമായി റൺവേട്ടക്കാരിൽ എട്ടാം സ്ഥാനത്താണ്.

