Sat. Jun 13th, 2026

തിരുവനന്തപുരം: കേരളത്തിലെ പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ, പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട് ശിവഗിരി മഠം രംഗത്ത്. യുഡിഎഫ് സഖ്യത്തിൽ നിന്ന് വിജയിച്ചുവന്ന ഈഴവ സമുദായക്കാരായ ഒൻപത് പേരിൽ ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനോട് നേരിട്ട് ആവശ്യപ്പെട്ടതായി ശിവഗിരി മഠം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.

സംസ്ഥാനത്ത് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേക വകുപ്പുള്ളതുപോലെ, പിന്നാക്ക സമുദായങ്ങളുടെ പുരോഗതിക്കായി മാത്രമായി ഒരു പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി വേണമെന്നും മഠം ആവശ്യപ്പെടുന്നു. കേരളത്തിൽ നാൽപ്പത്തിരണ്ടോളം പിന്നാക്ക സമുദായങ്ങളുണ്ടെന്നും ഇവരുടെ സമഗ്രമായ വളർച്ച ഉറപ്പാക്കാൻ ഒരു മന്ത്രിയുടെ സാന്നിധ്യം അനിവാര്യമാണെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിചേർത്തു.

മന്ത്രിസഭയിൽ മാത്രമല്ല, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിലും പിന്നാക്ക, ദളിത് വിഭാഗങ്ങൾക്ക് കൃത്യമായ പ്രാതിനിധ്യം നൽകണമെന്ന നിലപാട് ശിവഗിരി മഠം നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് വാങ്ങി വിജയിക്കുന്ന പ്രതിനിധികൾ പിന്നീട് ജാതിമത ഭേദമന്യേ വേണം പ്രവർത്തിക്കാൻ. ഏതെങ്കിലും പ്രത്യേക ജാതിക്കോ മതവിഭാഗത്തിനോ മന്ത്രിസഭയിൽ അമിത പ്രാതിനിധ്യം നൽകരുതെന്നും, ജനപ്രതിനിധികളായി വരാൻ സാധിക്കാത്ത പിന്നാക്ക സമുദായങ്ങൾക്ക് മന്ത്രിസഭയിൽ പ്രത്യേക പരിഗണന ഉറപ്പാക്കണമെന്നും മഠം ആവശ്യപ്പെടുന്നു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ ഘട്ടത്തിലും കോൺഗ്രസ് പട്ടികയിലേക്ക് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള 18 പേരുടെ പേരുകൾ ശിവഗിരി മഠം നിർദേശിച്ചിരുന്നു. കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് തുടങ്ങിയ പ്രമുഖർക്ക് കക്ഷിരാഷ്ട്രീയത്തിൽ അർഹമായ പരിഗണന നൽകണമെന്നും കൊടിക്കുന്നിൽ സുരേഷിനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കണമെന്നും മഠം അന്ന് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *