Sat. May 16th, 2026

ആക്ഷൻ സിനിമകളുടെ രാജാവ് ഷാജി കൈലാസും അഭിനയ വിസ്മയം ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ആവേശം നിറയ്ക്കുന്ന ട്രെയിലർ പുറത്തിറങ്ങി. ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പ്രമേയമാക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മാസ് ഡയലോഗുകളും ഗംഭീര ആക്ഷൻ രംഗങ്ങളും കൊണ്ടാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. എ.കെ. സാജൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ‘പോൾസൺ’ അഥവാ ‘പോളച്ചൻ’ എന്ന കരുത്തുറ്റ കഥാപാത്രമായാണ് ജോജു എത്തുന്നത്. പരോളിലിറങ്ങുന്ന പോളച്ചന്റെ വരവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

മാസ്സ് ആക്ഷൻ ത്രില്ലർ എന്നതിലുപരി വൈകാരികമായ കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ഈ ചിത്രം. സുകന്യ, അർജുൻ അശോകൻ എന്നിവർക്കൊപ്പം ജോജുവിന്റെ കുടുംബബന്ധങ്ങളും ട്രെയിലറിൽ മിന്നിമറയുന്നുണ്ട്. തോക്കെടുക്കുന്ന കന്യാസ്ത്രീയായി സുകന്യയുടെ ഗംഭീര തിരിച്ചുവരവിനും ചിത്രം സാക്ഷ്യം വഹിക്കുന്നു. ആക്ഷൻ റാണി വാണി വിശ്വനാഥിന്റെ പോലീസ് കഥാപാത്രവും മുരളി ഗോപിയുടെ വില്ലൻ വേഷവും ട്രെയിലറിലെ ശ്രദ്ധേയമായ കാഴ്ചകളാണ്. ഓരോ കഥാപാത്രത്തിനും വ്യക്തമായ പ്രാധാന്യം നൽകിക്കൊണ്ടാണ് ഷാജി കൈലാസ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രത്തിനായി 98 ദിവസത്തെ നീണ്ട ചിത്രീകരണമാണ് നടത്തിയത്. ബൈജു സന്തോഷ്, ബാബുരാജ്, വിൻസി അലോഷ്യസ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ‘വരവ്’ മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും. സാം സി.എസ് സംഗീതവും എസ്. ശരവണൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രം വിനോദ് മംഗലത്തിന്റെ പ്രൊഡക്ഷൻ കൺട്രോളിലും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗിലുമാണ് പൂർത്തിയായത്. പോളച്ചന്റെ കുതൂഹലം ഉണർത്തുന്ന ഫ്ലാഷ് ബാക്കും ആക്ഷൻ രംഗങ്ങളും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *