Sat. May 16th, 2026

ന്യൂഡല്‍ഹി: ലിവിങ്-ടുഗെതര്‍ ബന്ധങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി സുപ്രീം കോടതി .ഇത്തരമൊരു ബന്ധത്തില്‍ നിന്ന് ഒരാള്‍ സ്വമേധയാ പിന്മാറുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് ഒരു യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന ഈ നിരീക്ഷണം നടത്തിയത്.

കേവലം ഒരു ബന്ധത്തില്‍ നിന്ന് മാറിപ്പോകുന്നത് ബലാത്സംഗമോ മറ്റ് ക്രിമിനല്‍ കുറ്റമോ ആകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ ഇത്തരത്തില്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍, ആ ബന്ധങ്ങളില്‍ വലിയ അപകടസാധ്യതകള്‍ ഉണ്ടെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.

പരസ്പര സമ്മതപ്രകാരമുള്ള ലിവിങ്-ടുഗെതര്‍ ബന്ധങ്ങളും ക്രിമിനല്‍ ലൈംഗിക അതിക്രമങ്ങളും തമ്മിലുള്ള വ്യക്തമായ വ്യത്യാസം കോടതി എടുത്തുപറഞ്ഞു.വിവാഹം കഴിക്കാതെ ഒരു പുരുഷനൊപ്പം താമസിക്കുകയും ആ ബന്ധത്തില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത ശേഷം, ഇപ്പോള്‍ ബലാത്സംഗം, മര്‍ദ്ദനം എന്നീ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലെ യുക്തിയെ ജസ്റ്റിസ് നാഗരത്‌ന ചോദ്യം ചെയ്തു. പരസ്പര സമ്മതപ്രകാരമുള്ള ഒരു ബന്ധം എങ്ങനെയാണ് പിന്നീട് ലൈംഗിക അതിക്രമമായി മാറുന്നതെന്നും കോടതി ചോദിച്ചു.

ലിവിങ്-ടുഗെതര്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും വര്‍ഷങ്ങളോളം ഒന്നിച്ച് ജീവിക്കുകയും, പിന്നീട് ആ ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കുകയും ചെയ്യുന്നത് വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളിലെ അനിശ്ചിതത്വങ്ങളുടെ ഭാഗമാണെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

യുവതിക്ക് 18 വയസ്സുള്ളപ്പോഴാണ് പ്രതി പരിചയപ്പെട്ടതെന്നും വിവാഹവാഗ്ദാനം നല്‍കിയെന്നുമാണ് ഹരജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പ്രതിക്ക് അന്ന് തന്നെ നാല് ഭാര്യമാരുണ്ടായിരുന്നുവെന്നും എന്നാല്‍ യുവതിക്ക് അത് അറിയില്ലായിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ ആ പുരുഷനൊപ്പം താമസിക്കാനും കുട്ടിക്ക് ജന്മം നല്‍കാനും എന്തുകൊണ്ട് തീരുമാനിച്ചു എന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. പ്രതി മുന്‍പും സമാനമായ രീതിയില്‍ സ്ത്രീകളെ വഞ്ചിച്ചിട്ടുണ്ടെന്ന വാദത്തോട്, കോടതി ഇപ്പോള്‍ ഹരജിക്കാരിയുടെ കേസ് മാത്രമാണ് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് മറുപടി നല്‍കി.

യുവതിയോട് സഹതാപമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കുട്ടിക്ക് വേണ്ടി ജീവിതച്ചിലവ് ആവശ്യപ്പെടാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അതേ സമയം ലിവിങ്-ടുഗെതര്‍ ബന്ധം തകരുന്നത് ഒരു ക്രിമിനല്‍ കുറ്റത്തിന് ആധാരമല്ലെന്ന് കോടതി ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *