Sat. May 16th, 2026

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായി ആഗോള സിനിമാലോകം വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ വലിയ വിപണിമൂല്യം മുൻനിർത്തി ബോളിവുഡ് നിർമ്മാണ കമ്പനിയായ പെൻ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസുമായി ചേർന്ന് 100 കോടി രൂപയാണ് ചിത്രത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. മോഹൻലാൽ നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് നേരത്തെ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തെ ഡിജിറ്റൽ അവകാശവുമായി ബന്ധപ്പെട്ട നിയമതർക്കങ്ങൾ ഇപ്പോൾ വലയ്ക്കുന്നുണ്ട്. ദൃശ്യം 3-ന്റെ ഒടിടി അവകാശത്തിൽ അവകാശവാദം ഉന്നയിച്ച് പ്രമുഖ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന്, ചിത്രത്തിന്റെ ഒടിടി കരാറുകളിൽ ഏർപ്പെടുന്നത് കോടതി താൽക്കാലികമായി വിലക്കിയിരിക്കുകയാണ്. മെയ് 15 വരെയാണ് ഈ സ്റ്റേ നിലനിൽക്കുന്നത്. ഇത് മെയ് 21-ന് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോ എന്ന ആശങ്ക നിർമ്മാതാക്കൾക്കുണ്ട്.

ദൃശ്യം രണ്ടാം ഭാഗം കോവിഡ് പ്രതിസന്ധി മൂലം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്തതെങ്കിൽ, മൂന്നാം ഭാഗം തിയറ്ററുകളിൽ വൻ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെയും സിനിമാ നിരീക്ഷകരുടെയും കണക്കുകൂട്ടൽ. തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ദൃശ്യം 3 മികച്ച അഭിപ്രായം നേടുകയാണെങ്കിൽ മലയാള സിനിമയിലെ സകല കളക്ഷൻ റെക്കോർഡുകളും തകർക്കപ്പെടുമെന്ന് ഉറപ്പാണ്. നിയമപ്രശ്നങ്ങൾ പരിഹരിച്ച് മെയ് മാസത്തിൽ തന്നെ ജോർജ്ജുകുട്ടിയും കുടുംബവും വെള്ളിത്തിരയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *