Sat. May 16th, 2026

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും, വ്യക്തിഗത നേട്ടത്തിലൂടെ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയത്. ജോഹന്നാസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ 38 പന്തില്‍ നിന്ന് 66 റണ്‍സ് അടിച്ചെടുത്തതോടെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഏഴ് ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഹര്‍മന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ 125 ഇന്നിങ്‌സുകളില്‍ നിന്നായി ഹര്‍മന്‍പ്രീത് നേടിയ റണ്‍സ് 3017 ആയി ഉയര്‍ന്നു. ഒരു സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീലങ്കന്‍ നായിക ചമരി അട്ടപ്പട്ടുവിനെയാണ് ഹര്‍മന്‍ മറികടന്നത്. 107 ഇന്നിങ്‌സുകളില്‍ നിന്ന് 3016 റണ്‍സാണ് ചമരിയുടെ സമ്പാദ്യം. ഒരു റണ്ണിന്റെ നേരിയ വ്യത്യാസത്തിലാണ് ഹര്‍മന്‍ ഇപ്പോള്‍ ഒന്നാമതെത്തിയിരിക്കുന്നത്.

മത്സരത്തില്‍ ഹര്‍മന്‍പ്രീതിനൊപ്പം ഷെഫാലി വര്‍മയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്ത ലോറ വൊള്‍വര്‍ത്തിന്റെ സെഞ്ചുറി മികവ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടതോടെ ഇന്ത്യക്ക് പരമ്പര കൈവിടേണ്ടി വന്നു. വിക്കറ്റ് കീപ്പിങ്ങിലും ബൗളിങ്ങിലും വരുത്തിയ പിഴവുകളാണ് പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടിയായത്.

Leave a Reply

Your email address will not be published. Required fields are marked *