ഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണകാന്ത ശർമ്മ തള്ളി. കേസ് കേൾക്കുന്നതിൽ നിന്ന് താൻ പിന്മാറുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ജസ്റ്റിസ് വ്യക്തമാക്കി. കെജ്രിവാൾ ഉന്നയിച്ച ആരോപണങ്ങൾ വ്യക്തിപരമായല്ല, മറിച്ച് കോടതിക്കെതിരായ നീക്കമായാണ് കാണുന്നതെന്നും ജസ്റ്റിസ് ശർമ്മ രൂക്ഷഭാഷയിൽ പ്രതികരിച്ചു.
ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മകൾ കേന്ദ്ര സർക്കാരിന്റെ അഭിഭാഷക പാനലിലുണ്ടെന്നും, സിബിഐക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് അവർക്ക് കേസുകൾ അനുവദിക്കുന്നതെന്നുമായിരുന്നു കെജ്രിവാളിന്റെ വാദം. ഇതിൽ താത്പര്യ വൈരുദ്ധ്യമുണ്ടെന്ന് കെജ്രിവാൾ ആരോപിച്ചെങ്കിലും ജസ്റ്റിസ് ഇത് കർശനമായി തള്ളിക്കളഞ്ഞു. ഒരു ജഡ്ജിയുടെ മകൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് കേസിലെ കക്ഷികളല്ലെന്നും രാഷ്ട്രീയക്കാർ ജഡ്ജിമാരുടെ ജുഡീഷ്യൽ പശ്ചാത്തലം പരിശോധിക്കേണ്ടതില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
ബാഹ്യമായ സമ്മർദ്ദങ്ങൾക്ക് മുൻപിൽ തലകുനിക്കില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സ്വർണകാന്ത ശർമ്മ, അനാവശ്യ ആരോപണങ്ങളിലൂടെ കോടതിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. സിബിഐ നൽകിയ അപ്പീൽ ഉൾപ്പെടെയുള്ള കേസുകൾ ഇതേ ബെഞ്ച് തന്നെ തുടർന്ന് പരിഗണിക്കും. നീതിന്യായ നിർവ്വഹണത്തിൽ വ്യക്തിപരമായ താൽപ്പര്യങ്ങളില്ലെന്നും നിയമപരമായ കടമ നിർവഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.

