Mon. Apr 20th, 2026

തിരുവനന്തപുരം: മത്സ്യം വാങ്ങാനെത്തിയ ഏഴു വയസുകാരിയെ പീഡിപ്പിച്ച മത്സ്യ വില്‍പ്പനക്കാരന്‍ അറസ്റ്റിലായി. വെമ്പായം കൊഞ്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന അസീറിനെയാണ് (47) പോക്‌സോ നിയമപ്രകാരം വെഞ്ഞാറമ്മൂട് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു ഇയാള്‍ മീന്‍ വാങ്ങാന്‍ വന്ന കുട്ടിയെ വാഹനത്തില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചത്.

ബന്ധുവിനൊപ്പം മത്സ്യം വാങ്ങാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. മത്സ്യം വാങ്ങിയ ശേഷം വീട്ടില്‍ വിടാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ തന്റെ ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി ഡ്രൈവര്‍ സീറ്റിന് സമീപം ഇരുത്തി കൊണ്ടുപോകുകയായിരുന്നു. യാത്രയ്ക്കിടെ ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും പീഡനശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ കൈക്ക് പരിക്കേറ്റെന്നും പോലീസ് പറയുന്നു. സംഭവ സമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു.

വീട്ടിലെത്തിയ ശേഷം കുട്ടി അയല്‍വാസികളോട് വിവരം പറയുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെഞ്ഞാറമ്മൂട് പോലീസ് സംഘം പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വെമ്പായം, മാണിക്കല്‍ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി ഇയാള്‍ മത്സ്യവില്‍പ്പന നടത്തി വരികയായിരുന്നു. വര്‍ഷങ്ങളായി ഇതുവഴി മത്സ്യവില്‍പ്പന നടത്തുന്ന ആളായതിനാലും കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറുന്ന സ്വഭാവക്കാരനായതിനാലും ഇയാളെ വീട്ടുകാര്‍ക്ക് വിശ്വാസമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *