Fri. Apr 17th, 2026

ഐപിഎൽ 2026 സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ ഖലീൽ അഹമ്മദ് പുറത്തായി. ഏപ്രിൽ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിനിടെ ഏറ്റ പരിക്കാണ് താരത്തിന് വിനയായത്. പവർപ്ലേ ഓവറുകളിൽ ചെന്നൈയ്‌ക്ക് നിർണ്ണായക വിക്കറ്റുകൾ നേടിത്തന്നിരുന്ന ഖലീലിന്റെ അഭാവം ടൂർണമെന്റ് നിർണ്ണായക ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ടീമിന് വലിയ തിരിച്ചടിയാണ്.

കൊൽക്കത്ത ഇന്നിംഗ്‌സിലെ 17-ാം ഓവർ എറിയുന്നതിനിടെയാണ് ഖലീലിന്റെ വലത് തുടയിലെ പേശിക്ക് പരിക്കേറ്റത്. വേദനയെത്തുടർന്ന് ഓവർ പൂർത്തിയാക്കാനാവാതെ താരം മൈതാനം വിടുകയായിരുന്നു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ ഗ്രേഡ് 2 വിഭാഗത്തിൽപ്പെട്ട പേശീ തള്ളൽ സ്ഥിരീകരിച്ചു. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് 10 മുതൽ 12 ആഴ്ച വരെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണിൽ താരം ഇനി കളിക്കില്ലെന്ന് ഉറപ്പായി.

ഈ സീസണിൽ സിഎസ്‌കെ കളിച്ച അഞ്ച് മത്സരങ്ങളിലും ഖലീൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പരിക്കേൽക്കുന്നതിന് മുൻപ് കെകെആറിനെതിരെ എറിഞ്ഞ മൂന്ന് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി സുനിൽ നരൈന്റെ വിക്കറ്റും അദ്ദേഹം വീഴ്ത്തിയിരുന്നു. ഖലീലിന് പകരം ഗുർജപ്നീത് സിംഗാണ് അന്ന് ഓവർ പൂർത്തിയാക്കിയത്. നിലവിലെ സാഹചര്യത്തിൽ ഖലീലിന് അനുയോജ്യനായ ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് ചെന്നൈ മാനേജ്‌മെന്റിന് വലിയ വെല്ലുവിളിയാകും.

Leave a Reply

Your email address will not be published. Required fields are marked *