Fri. Apr 17th, 2026

കൊച്ചി: ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ ബഹിഷ്കരണത്തെത്തുടർന്ന് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. ടീമിന്റെ മോശം പ്രകടനത്തിൽ പ്രതിഷേധിച്ച് ആരാധകർ വിട്ടുനിന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലാദ്യമായി ഗ്യാലറികൾ നിശബ്ദമായ ഒരു ഹോം മാച്ചിനാണ് കൊച്ചി സാക്ഷ്യം വഹിച്ചത്.

മത്സരത്തിന്റെ 41-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് താരത്തിന്റെ പിഴവിലൂടെ ലഭിച്ച ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയിരുന്നു. പുതിയ പരിശീലകന് കീഴിൽ മെച്ചപ്പെട്ട കളി പുറത്തെടുത്തെങ്കിലും വിജയം ഉറപ്പിച്ചിരിക്കെ അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയേറ്റു. കളി തീരാൻ രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോൾ ലാൽറിയൻസുവാല ലാൽബിയാക്നിയയിലൂടെ നോർത്ത് ഈസ്റ്റ് സമനില പിടിച്ചു. ഗോളി അർഷ് ഷെയ്ഖിന്റെ മികച്ച സേവുകളാണ് കൂടുതൽ ഗോളുകൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്.

നിലവിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുകൾ മാത്രം നേടിയ ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ്. ഏഴ് പോയിന്റുള്ള നോർത്ത് ഈസ്റ്റ് പത്താം സ്ഥാനത്ത് തുടരുന്നു. ആരാധകരുടെ പിന്തുണയില്ലാത്തത് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് വിദേശ താരം ഫ്രഞ്ചോ പ്രതികരിച്ചു. ടീം മാനേജ്‌മെന്റും ആരാധകരും തമ്മിലുള്ള ഈ പിണക്കം പരിഹരിച്ചില്ലെങ്കിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫാൻസ് ഗ്രൂപ്പിന്റെ പിന്തുണ ക്ലബ്ബിന് നഷ്ടമായേക്കാം എന്ന ആശങ്കയും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *