Sat. Apr 18th, 2026

കൊച്ചി: മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം “പേട്രിയറ്റിന്റെ” വിഷു സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻതൂക്കം നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയിൽ ശക്തമായ സ്ത്രീ സാന്നിധ്യമുള്ള ഒരു ചിത്രമായിരിക്കും ‘പേട്രിയറ്റ്’ എന്ന സൂചനയാണ് പുതിയ പോസ്റ്റർ നൽകുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

പതിനെട്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ തുടങ്ങി വൻ താരനിരയാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. മദ്രാസ് കഫേ, പത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മികച്ച സാങ്കേതിക മികവോടെ ഒരുങ്ങുന്ന ഈ ചിത്രം ആൻ മെഗാ മീഡിയയാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. ആക്ഷനും വൈകാരികതയും നിറഞ്ഞ ഒരു സിനിമാ അനുഭവം തന്നെയാകും ‘പേട്രിയറ്റ്’ എന്ന് ഉറപ്പിച്ചു പറയുന്നതാണ് പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും.

Leave a Reply

Your email address will not be published. Required fields are marked *