Tue. Apr 14th, 2026

✍️ ലിബി സി എസ്

ദൈവത്തിനു ഒരു മോനെ ഉള്ളൂ എന്ന് ക്രിസ്ത്യാനി വിശ്വസിക്കുന്നു… അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ലെന്ന് ദീനികൾ വിശ്വസിക്കുന്നു…
ഹിന്ദുക്കൾക്ക് ദൈവം മനുഷ്യരെ ജാതി ശ്രേണിയിൽ അഗ്രജ, അന്ത്യജ എന്ന് രണ്ട് ഗ്രൂപ്പായി സൃഷ്ട്ടിച്ചു…
പിന്നീട് കർമ്മങ്ങൾ അനുസരിച്ചു നാല് ജാതി ആയി പിരിഞ്ഞു…
കർമ്മ പുനർ ജന്മ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നു…
ദുഷ്‌കർമ്മങ്ങൾ ചെയ്യുന്നവർ ശ്രേണിയിൽ താഴെ ശൂദ്ര ആയി പുനർ ജനിക്കുന്നു…
മേൽ ജാതിക്കാരെ സേവിച്ചു അവർ മേൽ ജാതിയിൽ പുനർജനിക്കുന്നു…
ഇത് തികച്ചും ശാസ്ത്രീയമാണ് ഈ തിയറി… പഹവാൻ രാമനും പഹവാൻ കൃഷ്ണനും ഈ ജാതി ശ്രേണിയുടെ മഹത്വം ഊന്നിപ്പറഞ്ഞിട്ടുണ്ട്… ജാതി ശ്രേണിയിൽ നിങ്ങൾ വളരെ സഹകരണത്തോടെ കുലത്തൊഴിൽ ചെയ്തു കഴിയുന്നതാണ് സ്വധർമ്മം, എല്ലാവരും സ്വധർമ്മം അനുഷ്ഠിച്ച് ജീവിച്ചാൽ നിങ്ങൾക്ക് അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി കേന്ദ്ര വാഴയെപോലെ വേണമെങ്കിൽ ശബരിമല മേൽശാന്തി ആകുകയും ‘കത്താത്ത സുന’യുമായി സ്വർഗ്ഗത്തിൽ പോകുകയുമൊക്കെ ചെയ്യാം. അവിടെയും ഒരുപാട് ഭോഗങ്ങൾ ഉണ്ട്.

ഇതിനിടയിൽ കർമ്മബ്രാഹ്മണനാകാൻ പോയാൽ ശ്രീനാരയണഗുരുവിനെ വൈക്കത്ത് വെച്ച് അധിക്ഷേപിച്ചത് പോലെ അധിക്ഷേപിക്കുകയോ തല്ലിക്കൊല്ലുകയോ ഒക്കെ ചെയ്താൽ സഹിക്കുക. ഏതു മതത്തിനും അതിന്റെതായ ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ട്. അത് അംഗീകരിക്കാൻ പറ്റാത്തതവർ കളഞ്ഞിട്ട് പോകുക!

ജാതി ശ്രേണി സുനാതന അധർമ്മത്തിന്റെ അടിസ്ഥാന ഘടനയുടെ ഭാഗം ആണ്.. അൽപ്പം നീക്കുപോക്കുകൾ OK ആണ്… അതിനു അപ്പുറം ജാതിയില്ലാത്ത ഹിന്ദു എന്നത് വെറും കോമഡി പ്രയോഗം മാത്രമായിരിക്കും.

കർമ്മ ബ്രാഹ്മണൻ ഇല്ലെങ്കിലും സുനാതനത്തിൽ കർമ്മ ശൂദ്രൻ ഉണ്ട്. ജന്മനാ ബ്രാഹ്മണനായ വാത്മീകിയെ കാട്ടാളനായ രത്നാകരൻ എന്ന് വിളിക്കാൻ കാരണം അദ്ദേഹം നമ്മുടെ ടാർപോളിൻ ഈശ്വരനെപോലെ ശൂദ്ര സ്ത്രീയെ വിവാഹം കഴിച്ച് , ശൂദ്രചര്യയും, ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലെ മോഷണവും പരസ്യമായി നടത്തിയിരുന്നത് കൊണ്ട് മാത്രമാണ് അത്. രഹസ്യമായി ചെയ്താലും കുഴപ്പമില്ല.

സത്യവതിയുടെ വളർത്തച്ഛൻ മുക്കുവനായത് കൊണ്ട് മാത്രമാണ് വ്യാസനെ മുക്കുവനെന്ന് വിളിച്ചത്. വാത്മീകിയും വ്യാസനും കാട്ടാളനും മുക്കുവനുമായിരുന്നില്ല യഥാർത്ഥ ബ്രാഹ്മണർ തന്നെയായിരുന്നു. വേണമെങ്കിൽ കർമ്മ ആദിവാസി എന്നും കർമ്മ മുക്കുവൻ എന്നൊക്കെ പറയാം.

അത് കൊണ്ടാണ് തപസ്സനുഷ്ടിച്ചുവെന്ന കാരണത്താൽ ശൂദ്രനായ ശംബൂകനെ വധിച്ച, ബാലിയെ ഒളിയമ്പെയ്ത് കൊന്ന , ഗർഭിണിയായ സ്വന്തം ഭാര്യയെ വനത്തിലുപേക്ഷിച്ച രാമനെ ‘മര്യാദരാമനെന്ന്’ ഇവന്മാർ വിശേഷിപ്പിച്ച് ‘രാമായണം’ എന്ന കാവ്യം രചിച്ചതും. അധർമ്മത്തെ ധർമ്മമെന്ന് വിശേഷിപ്പിച്ച മഹാഭാരതം പിറവിയെടുത്തതും. കാരണം രചയിതാക്കൾ ജന്മ ബ്രാഹ്മണർ തന്നെയാണ്. അല്ലാതെ നാണു ആശാൻ ജാതി ലക്ഷണം എഴുതിയാൽ അത് എസ്എന്ഡിപിക്കാരുടെ ഭജന കൊട്ടിന് പാടാമെന്നല്ലാതെ യഥാർത്ഥ ഹിന്ദുക്കൾ ആരും അംഗീകരിക്കില്ല. വേദങ്ങൾ തിരുത്താൻ നാണു ആശാനെന്നല്ല ബ്രാഹ്മണർക്ക് പോലും അവകാശം ഇല്ലെന്ന് അവർ തന്നെ എഴുതിവെച്ചിട്ടുണ്ട്.

അതൊക്കെക്കൊണ്ടാണ് “ഇന്ത്യ നന്നാവണമെങ്കിൽ ഹിന്ദുമതം നശിക്കുക തന്നെ വേണം. ഹിന്ദുമതം ഹിറ്റ്ലറുടെ നാസിസത്തെക്കാൾ ഭീകരമാണ്. അത് ഹിംസ കൂടാതെയും മനുഷ്യരെ കൊന്നൊടുക്കുന്നു. ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യം എത്രമാത്രം ആവശ്യമാണോ അത്രതന്നെയാവശ്യമാണ് തൊട്ടുകൂടാത്തവർക്ക് ഹിന്ദുക്കളിൽ നിന്നുള്ള സ്വാതന്ത്ര്യം. ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതും ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതും അവസാനിപ്പിക്കുക. ഹിന്ദുമതവും, സാമൂഹ്യമായ ഐക്യവും പരസ്പരവിരുദ്ധമാണ്. നമുക്ക് ഒന്നായിത്തീരണമെന്നുണ്ടെങ്കിൽ അവർക്ക് ഹിന്ദുമതം തിരസ്ക്കരിക്കേണ്ടി വരും. ഹിന്ദുമതത്തെ അതിലംഘിക്കാതെ അവർക്കൊന്നായിതീരുക സാധ്യമല്ല.” എന്ന് ഡോ. ബാബ സാഹിബ് അംബേദ്‌കർ പറഞ്ഞത്.

“അയിത്തമെന്നത് ഹ്രസ്വവും താൽക്കാലികവുമായ സവിശേഷതയല്ല, അത് തികച്ചും സ്ഥിരമാണ്. തെളിച്ചുപറഞ്ഞാൽ അയിത്തജാതിക്കാരും ഹിന്ദുക്കളും തമ്മിലുള്ള പോരാട്ടം സ്ഥിരമായ ഒരു പ്രതിഭാസമാണ്. അത് സനാതനമാണ്.”- ഡോ. ബി. ആർ അംബേദ്കർ

ആയിരത്താണ്ടുകളായി അടിച്ചമർത്തപ്പെട്ട് കിടന്ന അധസ്ഥിത ജനതയുടെ അവകാശ പോരാട്ടത്തിന് നേതൃത്വം നൽകി ഒരു വലിയ വിഭാഗത്തെ ആത്മാഭിമാനത്തോടെ ഉയിർത്തെഴുന്നേൽപ്പിച്ച ഡോ. ബി. ആർ അംബേദ്കറുടെ ജൻമദിനമാണ് ഇന്ന്.

തീഷ്ണമായ ഭാഷയിലും, പ്രവചന സ്വഭാവത്തോടെയും, ദീർഘവീക്ഷണത്തോടെയും അദ്ദേഹം കുറിച്ചുവച്ച കാര്യങ്ങൾ ഇപ്പോൾ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്.

“വണ്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു അയിത്തജാതിക്കാരന്‍, ജാതിഹിന്ദുക്കളാല്‍ ആട്ടിയോടിക്കപ്പെട്ടവന്‍, പ്രൊഫസറെന്ന നിലയില്‍ അപമാനിക്കപ്പെട്ടവന്‍, ഹോട്ടലുകളില്‍നിന്നും സലൂണുകളില്‍നിന്നും അമ്പലങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവന്‍, ബ്രിട്ടീഷുകാരുടെ ശിങ്കിടിയെന്ന് ശപിക്കപ്പെട്ടവന്‍, ഹൃദയശൂന്യനായ രാഷ്ട്രീയക്കാരനെന്നും ചെകുത്താനെന്നും മുദ്രകുത്തി വെറുക്കപ്പെട്ടവന്‍, മഹാത്മാവിനെ നിന്ദിച്ചവന്‍..” എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ ഇന്നാട്ടുകാര്‍ ഡോ. അംബേദ്കറുടെ മേല്‍ ചൊരിയുമ്പോഴാണ് അദ്ദേഹം സ്വതന്ത്രഭാരതത്തിന്റെ നിയമ മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.’– ഡോ. ധനഞ്ജയ് കീര്‍

അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പരമാവധി ഉപദ്രവിക്കുകയും മരിച്ചപ്പോൾ അദ്ദേഹത്തിൻറെ മൃതദേഹത്തോട് പോലും അനാദരവ് കാണിക്കുകയും, ഭരണം നഷ്ടപ്പെടുന്നതുവരെ അദ്ദേഹത്തിൻറെ ഒരു ചിത്രം പോലും ഇൻഡ്യൻ പാർലമെന്റിൽ വെക്കാതിരിക്കുകയും ചെയ്യാൻ പ്രത്യേക ശ്രദ്ധ കാണിച്ചവരും, അംബേദ്കറുടെ കോലം കത്തിച്ചിട്ടുള്ള ആളുകളും ‘ബ്രിട്ടീഷുകാർ എഴുതിക്കൊടുത്തത് പകർത്തിയ മഹാൻ’ എന്നുമൊക്കെ പരിഹസിക്കുകയും അദ്ദേഹത്തെ കോട്ടിട്ട ബൂർഷ്വ എന്നും, ബൂർഷ്വ പരിഷ്കരണവാദി എന്നും, ബ്രിട്ടീഷ് ചാരൻ എന്നും, വിഷ പാമ്പ് എന്നും വിളിച്ചാക്ഷേപിച്ചിരുന്നവരും എല്ലാം ഇന്ന് അംബേദ്‌കർ വക്താക്കളായി മാറിയിരിക്കുന്ന കാലത്താണ് ഈ അംബേദ്കർ ജയന്തി എന്നൊരു പ്രത്യേകത കൂടി ഉണ്ട്.

ഹിന്ദുമതത്തിൻ്റെ ഏറ്റവും വലിയ വിമർശകനും അതുപേക്ഷിച്ചയാളുമായിരുന്നു അംബേദ്കർ. അംബേദ്കറിൻ്റെ വിചാരലോകവുമായുള്ള നിരന്തര സംവാദത്തിലൂടെ മാത്രമെ ജനാധിപത്യ ഇന്ത്യയ്ക്ക് ഇനി നിലനിൽക്കാനാവൂ. അങ്ങനെ മാത്രമെ ഹിന്ദുത്വ അജണ്ടകളെ മറികടക്കാനാവൂ. എന്നാൽ എൻറെ ഒരു വലിയ സംശയമാണ് അംബേദ്കറൈറ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പോലും എന്തുകൊണ്ടാവും ഹിന്ദു പുലയനും ഹിന്ദു പറയനും ഒക്കെ ആയി ഈ അടിമത്വം ആസ്വദിച്ചുകൊണ്ട് തുടരുന്നത്? എന്തായാലും സംവരണാനുകൂല്യങ്ങൾ പോകുമെന്ന് പേടിച്ചിട്ടല്ല. കാരണം ബുദ്ധമതത്തിൽ ചേർന്നാലും സംവരണം ലഭിക്കുമല്ലോ? യുക്തിവാദി ആയി മതമില്ലാത്ത ജീവനായിമാറിയാൽ സംവരണം പോകുമെന്ന് വിചാരിക്കാം!

അവരുടെ ദൈവങ്ങളെ പേടിച്ചിട്ടാണ് എന്നതാണ് വാസ്തവം. ബ്രാഹ്മണന്റെ അധികാരം ദൈവീകമാണല്ലോ? ദേ കിടക്കണ് നിൻറെ അമ്മേടെ മുഖ്യമന്ത്രി പറഞ്ഞ ഡാഷിലെ ദൈവങ്ങളും ഡാഷ്‌ണോത്തിലെ മതവും എന്നു പറയാൻ യുക്തിബോധം ഉള്ളവർക്കേ പറ്റൂ.

അംബേദ്കർക്ക് മുൻപേ ഔദ്യോഗികമായി ഹിന്ദുമതം ഉപേക്ഷിച്ച്‌ ബുദ്ധമതം സ്വീകരിച്ചവരും മറ്റു മതങ്ങൾ സ്വീകരിച്ചവരുമായ അവർണ്ണരായ യുക്തിവാദികളും അല്ലാത്തവരും കേരളത്തിൽ ഉണ്ടായിരുന്നു. അന്ന് ഭരണഘടന നിലവിൽ ഇല്ല. വ്യക്തി നിയമങ്ങളും ഇല്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നിയമങ്ങളും ശിക്ഷകളും എന്തിന് ട്രാഫിക്ക് നിയമങ്ങളും വരെ. സുനാതന ഹിന്ദു രാജ്യങ്ങളായിരുന്ന തിരുവിതാംകൂറിലെയും കൊച്ചിയിലെയും ട്രാഫിക്ക് നിയമങ്ങൾ വായിച്ചാൽ ഇന്ന് നമ്മൾ ചിരിച്ചു ചാകും.

അതിൽനിന്നൊക്കെ പുറത്തുകടക്കാനുള്ള ഒരു ഉപാധി എന്നനിലയിലായിരുന്നു അക്കാലത്തെ മതം മാറ്റങ്ങൾ. യുക്തിവാദികളായ സഹോദരൻ അയ്യപ്പനും മിതവാദി കൃഷ്ണൻ വക്കീലും അയ്യാക്കുട്ടി ജഡ്ജിയും. കെ സി കുട്ടനും. കെപി വള്ളോനും, ആർ. സുഗതനുമൊക്കെ മതം മാറിയവരാണ്. അവർക്ക് അന്ന് ഞാൻ വിശ്വാസി അല്ല യുക്തിവാദി ആണെന്നു പറഞ്ഞാൽ നിയമത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലായിരുന്നു. ഇന്ന് ഭരണഘടന നിലവിൽ വന്നശേഷം വ്യക്തിനിയമങ്ങൾ ഉള്ളതിനാൽ നമുക്ക് മതമില്ലാതെയും എല്ലാ അവകാശങ്ങളോടെയും ഇന്ത്യയിൽ ജീവിക്കാം.

എന്നാൽ ഈ അവകാശങ്ങളെല്ലാം നമുക്ക് നേടിത്തന്ന അംബേദ്കറുടെ മതം മാറ്റം ഭരണഘടന നിലവിൽ വന്നതിന് ശേഷമാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അത് അദ്ദേഹം തൻറെ ജനതയ്ക്ക് നൽകിയ വലിയ ഒരു സന്ദേശം ആയിരുന്നു, അത് വെറും ഒരു മതപരിവർത്തനം ആയിരുന്നില്ല. മഹാപരിവർത്തനം ആയിരുന്നു,

അത് അംഗീകരിക്കാതെ ഞാൻ ഹിന്ദു അവർണ്ണ ജാതിക്കാരനായ അംബേദ്കറൈറ്റ് ആന്നെന്നു പറയുന്നത് ശുദ്ധ ഉടായിപ്പാണ്‌. അതുകൊണ്ടാണ് രജനിമാരും നിതിൻമാരും എല്ലാം കേരളത്തിലും ഉണ്ടാകുന്നത്. ആരൊക്കെ തെറിപറഞ്ഞാലും ഇത്രയേയുമെങ്കിലും പറയണമെന്നു തോന്നി.

എല്ലാവർക്കും അംബേദ്‌കർ ജയന്തി ആശംസകൾ!

Leave a Reply

Your email address will not be published. Required fields are marked *