തൃശൂർ: തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയും മധ്യപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിന് കൂട്ടുനിന്നെന്നാരോപിച്ച് സി.പി.ഐ.എം നേതാക്കൾക്കെതിരെ പോലീസിൽ പരാതി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്‌നേശ്വര പ്രസാദാണ് പരാതി നൽകിയത്. കുന്നംകുളം പോലീസിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പോക്സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ ചുമത്തണമെന്നാണ് പരാതിയിലെ ആവശ്യം. കൂടാതെ, പെൺകുട്ടിയെ 13 ദിവസം അനധികൃതമായി വീട്ടിൽ താമസിപ്പിച്ച തിരുവനന്തപുരം സ്വദേശി ജയകുമാറിനെതിരെയും അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, തങ്ങൾ വിവാഹം നടത്താൻ മുന്നിട്ടിറങ്ങിയിട്ടില്ലെന്നും ക്ഷണം അനുസരിച്ച് ചടങ്ങിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സി.പി.ഐ.എം നിലപാട്. വധൂവരന്മാർ പ്രായം തെളിയിക്കുന്ന രേഖകൾ പോലീസിനെ കാണിച്ചിരുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും പാർട്ടി നേതൃത്വം വിശദീകരിച്ചു. പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ പ്രമുഖ ഇടത് നേതാക്കൾ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു.
നിലവിൽ ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് എൻ.സി.എസ്.ടി കണ്ടെത്തിയതിനെ തുടർന്ന് കേരള, മധ്യപ്രദേശ് ഡി.ജി.പിമാരോട് ഏപ്രിൽ 22-ന് ഡൽഹിയിൽ ഹാജരാകാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

