Fri. Apr 10th, 2026

തൃശ്ശൂർ: തൃശ്ശൂർ കൂർക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ പോളിംഗ് ബൂത്തിൽ, വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായി. കൂർക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിയുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ മിക്സിയിൽ പെട്ട് പരിക്കേൽക്കുകയും 15 തുന്നിക്കെട്ടുകളോടെ ബാൻഡേജ് ഇട്ടിരിക്കുകയുമായിരുന്നു. വോട്ട് രേഖപ്പെടുത്തുമ്പോൾ മഷി പുരട്ടേണ്ട വിരൽ കെട്ടിവെച്ചിരിക്കുന്നതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന പ്രിസൈഡിംഗ് ഓഫീസറുടെ നിലപാടാണ് തർക്കത്തിന് വഴിവെച്ചത്.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് വോട്ട് ചെയ്യാനെത്തിയ യുവതി മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥൻ വഴങ്ങിയില്ല. ഇതോടെ കൈക്കുഞ്ഞുമായി യുവതി ബൂത്തിൽ പ്രതിഷേധിച്ചു. വിവരമറിഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തി. ഒരു വിരലിന് പരിക്കുണ്ടെങ്കിൽ മറ്റ് വിരലുകളിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെങ്കിലും, കെട്ടഴിച്ചു വന്നാൽ മാത്രമേ വോട്ട് ചെയ്യിക്കൂ എന്ന പിടിവാശിയിലായിരുന്നു ഉദ്യോഗസ്ഥർ.

സംഭവം വൻ വിവാദമായതോടെ ജില്ലാ കളക്ടർ ഇടപെടുകയും യുവതിക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഒടുവിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ, സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷം വൈകിട്ട് ആറുമണിയോടെയാണ് യുവതിക്ക് വോട്ട് രേഖപ്പെടുത്താനായത്. ഭരണഘടനാപരമായ അവകാശം വിനിയോഗിക്കാൻ എത്തിയ വോട്ടറെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മണിക്കൂറുകളോളം തടഞ്ഞുവെച്ച ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *