ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം. ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ സവർണ്ണ മനുവാദി ഭരണകൂടം നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത്. തലയിൽ ചവിട്ടിയവനെ വന്ദിക്കാൻ പഠിപ്പിക്കുന്ന പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധീരോദാത്തമായ ആഹ്വാനമാണ് ഈ കവിതയിൽ അടങ്ങിയിട്ടുള്ളത്. അടിമത്തത്തെ അനുഗ്രഹമായി കണക്കാക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഹിന്ദുമതം അതിന്റെ മാമൂലുകളും, ആചാരവിശ്വാസങ്ങളും നിർമ്മിച്ചു വച്ചിട്ടുള്ളത്. സ്വാതന്ത്രപ്രേമിയായ സഹോദരൻ അവയ്ക്കെതിരെ രോഷാകുലനാകുക എന്നത് സ്വാഭാവികം മാത്രം .! ==== ഓണപ്പാട്ട് ==== —— സഹോദരൻ അയ്യപ്പൻ —— മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും കള്ളവുമില്ല ചതിവുമില്ല – എള്ളോളമില്ല പൊളിവചനം കള്ളപ്പറയും ചെറുനാഴിയും – കള്ളത്തരങ്ങൾ മറ്റൊന്നുമില്ല ആധികൾ വ്യാധികളൊന്നുമില്ല – ബാലമരണങ്ങൾ കേൾക്കാനില്ല ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല നല്ലവരല്ലാതെ ഇല്ലപാരിൽ തീണ്ടലുമില്ല തൊടീലുമില്ല – വേണ്ടാതീനങ്ങൾ മറ്റൊന്നുമില്ല ചോറുകൾവച്ചുള്ള പൂജയില്ല – ജീവിയെക്കൊല്ലുന്നയാഗമില്ല ദല്ലാൾവഴി ക്കീശസേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനികവിഭാഗമില്ല – മൂലധനത്തിൻ ഞെരുക്കമില്ല ആവതവരവർ ചെയ്തുനാട്ടിൽ – ഭൂതി വളർത്താൻ ജനം ശ്രമിച്ചു വിദ്യപഠിക്കാൻ വഴിയേവർക്കും – സിദ്ധിച്ചു മാബലി വാഴും കാലം സ്ത്രീക്കും പുരുഷനുംതുല്ല്യമായി- വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം കാലിക്കുകൂടി ചികിത്സ ചെയ്യാൻ – ആലയം സ്ഥാപിച്ചിതന്നു മർത്യർ സൗഗതരേവം പരിഷ്കൃതരായ് സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി- ഭൂതി കെടുക്കാനവർ തുനിഞ്ഞു കൗശല മാർന്നൊരു വാമനനെ – വിട്ടു ചതിച്ചവർ മാബലിയെ ദാനം കൊടുത്ത സുമതി തന്റെ – ശീർഷം ചവിട്ടിയായാചകനും അന്നുതൊട്ടിന്ത്യയധ: പതിച്ചു – മന്നിലധർമ്മം സ്ഥലം പിടിച്ചു. ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം കൊല്ലുന്ന ക്രൂര മതവുമെത്തി വർണ്ണവിഭാഗ വ്യവസ്ഥ വന്നു – മന്നിടം തന്നെ നരകമാക്കി മർത്യനെ മർത്യനശുദ്ധനാക്കും – മയ്ത്തപ്പിശാചും കടന്നുകൂടി തന്നിലശക്തന്റെ മേലിൽകേറി – തന്നിൽബലിഷ്ടന്റെകാലുതാങ്ങും സ്നേഹവും നാണവും കെട്ടരീതി- മാനവർക്കേകമാം ധർമ്മമായി. സാധുജനത്തിൻവിയർപ്പുഞെക്കി- നക്കിക്കുടിച്ചു മടിയർവീർത്തു നന്ദിയും ദീനകരുണതാനും – തിന്നു കൊഴുത്തിവർക്കേതുമില്ല സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ – ഗർവ്വിഷ്ടരീ ദുഷ്ടർ നാക്കറുത്തൂ സ്ത്രീകളിവർക്കുകളിപ്പാനുള്ള പാവകളെന്നു വരുത്തിവെച്ചു ആന്ധ്യമസൂയയും മൂത്തു പാരം – സ്വാന്തബലം പോയ് ജനങ്ങളെല്ലാം കഷ്ടമേ, കഷ്ടം പുറത്തു നിന്നു – മെത്തിയോർക്കൊക്കെയടിമപ്പെട്ടു എത്രനൂറ്റാണ്ടുകൾ നമ്മളേവം ബുദ്ധിമുട്ടുന്നു സഹോദരരേ നമ്മെയുയർത്തുവാൻ നമ്മളെല്ലാ- മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ ബ്രാഹ്മണോപജ്ഞമാം കെട്ട മതം സേവിപ്പവരെ ചവിട്ടും മതം നമ്മളെ ത്തമ്മിലകറ്റും മതം നമ്മൾ വെടിയണം നന്മ വരാൻ സത്യവും ധർമ്മവും മാത്രമല്ലൊ സിദ്ധി വരുത്തുന്ന ശുദ്ധമതം ധ്യാനത്തിനാലെ പ്രബുദ്ധരായ ദിവ്യരാൽ നിർദ്ദിഷ്ടമായ മതം. ആ മതത്തിന്നായ് ശ്രമിച്ചിടേണം ആ മതത്തിന്നു നാം ചത്തിടേണം വാമനാദർശം വെടിഞ്ഞിടേണം മാബലി വാഴ്ചവരുത്തിടേണം ഓണം നമുക്കിനി നിത്യമെങ്കിൽ ഊനം വരാതെയിരുന്നുകൊള്ളും. ———————————- സഹോദരൻ അയ്യപ്പൻ Post navigation ‘നായർസ്ഥാന’വും ‘മാതൃകാസ്ഥാന’വും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക! ചരിത്രം തമസ്കരിച്ച് കെട്ടുകഥകളുണ്ടാക്കിയവര് അറിയുക ശ്രാവണോൽസവമാണ് ഓണമായി മാറിയത്