Wed. Apr 8th, 2026

ടെല്‍ അവിവ്: ഇറാനെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തിവെക്കാനുള്ള യു എസ് തീരുമാനത്തെ പിന്തുണച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍, ലബനാനില്‍ നടന്നുവരുന്ന സൈനിക നടപടികള്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടില്ലെന്ന് നെതന്യാഹു പറഞ്ഞു.

ഇറാന്‍ ആണവായുധം കൈവശം വെക്കുന്നില്ലെന്നും അമേരിക്കക്കോ ഇസ്രായേലിനോ അറബ് രാഷ്ട്രങ്ങള്‍ക്കോ ഭീഷണിയാകില്ലെന്നും ഉറപ്പു വരുത്തുന്നതിനായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതായി എക്‌സില്‍ നല്‍കിയ പ്രസ്താവനയില്‍ നെതന്യാഹു വ്യക്തമാക്കി.

ലബനാന്‍ ഉള്‍പ്പെടെ എല്ലായിടത്തും അടിയന്തര പ്രാധാന്യത്തോടെ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യു എസും, ഇറാനും ഈ രാഷ്ട്രങ്ങളുടെ സഖ്യകക്ഷികളും സമ്മതിച്ചതായി സംഘര്‍ഷ പരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി നെതന്യാഹു രംഗത്തെത്തിയത്. നെതന്യാഹുവിന്റെ പ്രസ്താവനയോട് ലബനാന്‍ സര്‍ക്കാറോ ഹിസ്ബുല്ല ഗ്രൂപ്പോ പ്രതികരിച്ചിട്ടില്ല.

മാര്‍ച്ച് രണ്ടിന് ആരംഭിച്ച ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതുവരെയായി 1,500 പേര്‍ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തതായി ലബനാന്‍ അധികൃതര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *