ടെഹ്റാൻ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഇറാൻ തള്ളിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. മേഖലയിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കുന്നതിനായി പത്ത് നിർദ്ദേശങ്ങൾ അടങ്ങിയ മറുപടി കരാറാണ് ഇറാൻ നൽകിയിരിക്കുന്നത്. പാകിസ്താൻ മുഖേനയാണ് ഇറാൻ തങ്ങളുടെ നിലപാട് വാഷിംഗ്ടണിനെ അറിയിച്ചത്.
യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുക, ഉപരോധങ്ങൾ നീക്കുക, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി സഹകരിക്കുക തുടങ്ങിയവയാണ് ഇറാന്റെ പത്ത് നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ. കൂടാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പ്രോട്ടോക്കോളും ഇറാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം വെടിനിർത്തൽ കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 45 ദിവസത്തെ വെടിനിർത്തൽ എന്നത് ചർച്ചയിലുള്ള പല ആശയങ്ങളിൽ ഒന്ന് മാത്രമാണെന്നും അതിൽ പ്രസിഡന്റ് ഒപ്പുവെച്ചിട്ടില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഇറാനു ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് മുൻപായി ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും അല്ലാത്തപക്ഷം ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. കടലിടുക്ക് തുറന്നില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥർ ശ്രമിക്കുന്നതിനിടെയാണ് ട്രംപിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകൾ ഉണ്ടാകുന്നത്.

