✍️ സുരേഷ്. സി ആർ
സമൂഹത്തിലെ എല്ലാം തിന്മകളേയും രൂക്ഷമായി വിമർശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജന്മം നല്കിയ, മലയാള സിനിമയിലെ സൂപ്പർ ഹിറ്റുകളുടെ തിരക്കഥാകൃത്താണ് ടി ദാമോദരൻ (1935 – 2012). മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റർമാരിൽ ഒരാൾ എന്ന നിലയിലും റഫറി എന്ന നിലയിലും കോഴിക്കോട്ടെ ഫുട്ബോൾ ലോകത്തും പ്രശസ്തനാണ്. ചരിത്രവും സാമൂഹികപശ്ചാത്തലവുമായിരുന്നു ദാമോദരൻ ചിത്രങ്ങളുടെ ഭൂമിക.
പി എൻ മേനോന്റെ ഓളവും തീരവും എന്ന സിനിമയിൽ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത് ആദ്യമെത്തുന്നത്. ‘ലവ് മാര്യേജ്’ എന്ന ചിത്രത്തിന് രചന നിർവഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. ഐ.വി ശശി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയാണ് അദ്ദേഹം സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ചത്. ഐ.വി ശശി-ടി ദാമോദരൻ കോമ്പിനേഷൻ മലയാളസിനിമ ചരിത്രത്തിലെ ഒരു കാലഘട്ടമായിരുന്നു. അങ്ങാടി, മീൻ, കരിമ്പന, ഈ നാട്, നാണയം, വാർത്ത, ആവനാഴി, അടിമകൾ ഉടമകൾ, അബ്കാരി, ഇൻസ്പെക്ടർ ബല്‍റാം അങ്ങനെ ഹിറ്റുകളുടെ പരമ്പര തന്നെ ഈ കൂട്ടുകെട്ടിൽ പിറന്നു.
വി.എം വിനു സംവിധാനം ചെയ്ത യേസ് യുവർ ഓണറായിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം. കിളിച്ചുണ്ടൻ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ബേപ്പൂർ സ്കൂളിൽ കായിക അധ്യാപികനായിരുന്നു. തിക്കൊടിയൻ, കുതിരവട്ടം പപ്പു, ഹരിഹരൻ, കുഞ്ഞാണ്ടി എന്നിവരുമായുള്ള നാടകരംഗത്തെ സൗഹൃദത്തിൽ നിന്നാണ് സിനിമയുടെ വഴിയിലേക്ക് എത്തിയത്.
1984-ൽ മണിരത്നം മലയാളത്തിൽ എടുത്ത മോഹൻലാൽ ചിത്രം ‘ഉണരൂ’ മോഹൻലാൽ -പ്രിയദർശൻ ഒരുക്കിയ ബിഗ്ബജറ്റ് ചിത്രമായ കാലാപാനി, ഭരതനൊടൊപ്പം ചേർന്ന ‘കാറ്റത്തെ കിളിക്കൂട്’, ഏഴാം കടലിനക്കരെ, കാന്തവലയം, അഹിംസ, തടാകം, തുഷാരം, ജോൺ ജാഫർ ജനാർദ്ദനൻ, ഇന്നല്ലെങ്കിൽ നാളെ, ഇനിയെങ്കിലും, അമേരിക്ക അമേരിക്ക, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അങ്ങാടിക്കപ്പുറത്ത്, വ്രതം, ഇത്രയും കാലം, നാല്ക്കവല, അബ്കാരി, 1921, ആര്യൻ, അർഹത, ആനവാൽ മോതിരം, അഭിമന്യു, അദ്വൈതം, ജാക്പോട്ട്, ജനം, ദി സിറ്റി, കാട്ടിലെ തടി തേവരുടെ ആന, മേഘം, മഹാത്മ, ശ്രദ്ധ, ബല്‍റാം വേഴ്സസ് താരാദാസ്, എന്നിവയാണ് ടി ദാമോദരൻ രചന നിർവഹിച്ച മറ്റു പ്രധാന ചിത്രങ്ങൾ.

