Fri. Apr 3rd, 2026

✍️ സുരേഷ്. സി ആർ

“കല്ലുപോലെ കടുത്തതാണ് ജീവിതമെന്നെന്നോട് പറയണ്ട ലോകത്തെ അതൊരു പൂവായിരുന്ന കാലംതൊട്ടേ എനിക്കറിയാം. വംശസമൃദ്ധിക്കുള്ള കരുത്തു കാട്ടിയ പ്രതിരോധത്തിന്റെ വാഗ്ദാനം പകർന്ന ആ പൂവിനെ എനിക്കറിയാം.” (ബ്രൂക്ക്ലിനിൽ നിന്നൊരു കത്ത്)

കരീബിയൻ രാജ്യങ്ങളിൽനിന്ന് ആദ്യമായി നോബേൽ പുരസ്‌കാരം നേടിയ കവിയും നാടക രചയിതാവുമായിരുന്നു ഡെറക് വാൽക്കോട്ട് (1930 – 2017). കരീബിയൻ സൗന്ദര്യവും സംസ്കാരവും കോളനിവത്കരണത്തിന്റെ ക്രൂരതകളും അദ്ദേഹത്തിന്റെ കവിതകളുടെ പ്രമേയമായിരുന്നു.

വാൽകോട്ടിന്റെ ഇംഗ്ലീഷ് എഴുത്ത് എഴുപതുകളിലെ കറുത്തവർഗക്കാരുടെ ശക്തമായ വിമർശനം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, ഭാവനയല്ലാതെ മറ്റൊരു രാഷ്ട്രമില്ലെന്ന് വാൽകോട്ട് കവിതയിലൂടെ മറുപടി നൽകി. 1948-ൽ 18ാംവയസ്സില്‍ 25 കവിതകൾ അടങ്ങിയ ആദ്യസമാഹാരം പുറത്തിറക്കി. 1962 ൽ പ്രസിദ്ധീകരിച്ച ഒരു ഹരിതരാത്രിയിൽ അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.

വെസ്റ്റ്ഇൻഡീസിലെ ലൂസിയാനയിൽ ജനിച്ചു. പഠനശേഷം അധ്യാപകൻ, മാധ്യമപ്രവർത്തകൻ, നിരൂപകൻ എന്നിങ്ങനെ പല ജോലികളും ചെയ്തു. യുഎസിലെ ബോസ്റ്റൻ സർവകലാശാലയിൽ പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1990 ൽ പ്രസിദ്ധീകരിച്ച ഒമറസ് എന്ന കവിതയാണ് അദ്ദേഹത്തിന്റെ മികച്ച കൃതിയായി കണക്കാക്കപ്പെടുന്നത്. ഹോമറും ഇതിഹാസമായ ഇലിയഡും പരാമർശവിധേയമാകുന്ന ഈ കൃതിക്ക് 1992-ൽ നോബൽ പുരസ്കാരം ലഭിച്ചു.

ഇൻ എ ഗ്രീൻ നൈറ്റ്, ഡ്രീം ഓൺ മങ്കി മൗണ്ടെയ്ൻ, ദി കേപ് മെൻ, ലൗ ആഫ്റ്റർ ലൈഫ് തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ. കവിതകളും നാടകങ്ങളുമായി 57 പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

കവി ദേശമംഗലം രാമകൃഷ്ണനാണ് വാൽകോട്ടിന്റെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *