കോട്ടയം: കോൺഗ്രസ്-ബിജെപി അന്തർധാര മറച്ചുവെക്കാനാണ് ഇടതുപക്ഷത്തിനെതിരെ ഡീൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സിപിഐഎം അഖിലേന്ത്യ സെക്രട്ടറി എം.എ. ബേബി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം എന്നും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നൂറിലധികം സീറ്റുകൾ നേടി വമ്പിച്ച വിജയം കൈവരിക്കുമെന്ന് എം.എ. ബേബി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ നഷ്ടമായ ‘സെഞ്ച്വറി’ ഇത്തവണ ഇടതുപക്ഷം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ബിജെപിയും ഒരേ സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നത്. ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ ബിജെപിയെപ്പോലെ തന്നെ കോൺഗ്രസും ലാഭമുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബേബി ഉന്നയിച്ചത്. കേസിലെ പ്രധാന പ്രതികൾ സോണിയാ ഗാന്ധിയെ സന്ദർശിച്ചതിൽ വലിയ ദുരൂഹതയുണ്ട്. സോണിയാ ഗാന്ധിക്ക് ഇതിൽ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്നില്ലെങ്കിലും, അതീവ സുരക്ഷയുള്ള ഇടത്ത് പ്രതികൾ എങ്ങനെ ഒന്നിലധികം തവണ എത്തിയെന്ന് കോൺഗ്രസ് വിശദീകരിക്കണം. സഭ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യാൻ ഇടതുപക്ഷം തയ്യാറായെങ്കിലും പ്രതിപക്ഷം അതിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐയുമായി വോട്ട് കച്ചവടം നടത്തുന്നത് കോൺഗ്രസാണെന്ന് ബേബി ആരോപിച്ചു. കാസർകോട് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ എസ്ഡിപിഐയോട് ആവശ്യപ്പെട്ടത് യുഡിഎഫ് ആണ്. എന്നാൽ ഇടതുപക്ഷം ഒരു കാലത്തും എസ്ഡിപിഐയോട് വോട്ട് അഭ്യർത്ഥിക്കുകയോ ചർച്ച നടത്തുകയോ ചെയ്തിട്ടില്ല. പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുമതലയിൽ വീഴ്ച വരുത്തിയതിനാണ് പത്മകുമാറിനെതിരെ നടപടിയെടുത്തത്. തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടാൽ ആരെയും പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്നും ‘ചെവിക്ക് പിടിച്ച് പുറത്താക്കുന്ന’ പാരമ്പര്യം സിപിഐഎമ്മിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ എപ്പോഴും സിപിഐഎമ്മിനെ മാത്രം ഓഡിറ്റ് ചെയ്യുന്നത് തങ്ങൾക്കുള്ള അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

