തിരുവനന്തപുരം; ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് സ: പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. ജൂൺ 13 ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ജനസംഖ്യാ വ്യതിയാന സമിതിയുടെ പ്രവർത്തനം വിലയിരുത്തുകയുണ്ടായി. ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയ പ്രസംഗങ്ങളുടെ ഉള്ളടക്കമാണ് ഈ സമിതിയുടെ പ്രവർത്തനവ്യവസ്ഥയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ ജനസംഖ്യാ പൗരത്വ രജിസ്റ്ററുകളുടെയും തുടർച്ചയായി വേണം ഈ സമിതിയെ കാണാനെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യമായ ഇടവേളകളിൽ നടക്കേണ്ട ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് രാഷ്ട്രീയലക്ഷ്യംവെച്ച് ബോധപൂർവ്വം വൈകിപ്പിച്ച കേന്ദ്ര സർക്കാർ, ജനസംഖ്യാ വ്യതിയാന സമിതിയെ നിയോഗിച്ചുകൊണ്ട് സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഉൽപ്രേരണം പകരുകയാണ്. ഔദ്യോഗിക സെൻസസ് വിവരങ്ങൾക്ക് കാത്തുനിൽക്കാതെ, അതിർത്തി ജില്ലകളെയും മെട്രോ നഗരങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ഈ പ്രത്യേകനീക്കം ജനങ്ങൾക്കിടയിൽ ഭീതിയും വിഭജനവുമുണ്ടാക്കാൻ മാത്രം ഉന്നമിട്ടാണെന്നത് വ്യക്തമാണ്.
വോട്ടർപട്ടികയുടെ തീവ്ര പരിശോധന നടത്തിയ സമയത്ത് അതിന്റെ മറവിൽ പൗരത്വ പരിശോധന കൂടി നടത്താനാണ് കേന്ദ്രസർക്കാറും ഇലക്ഷൻ കമ്മീഷനും തുനിഞ്ഞത്. അതേ മാതൃകയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ സെൻസസിന് മുൻപു തന്നെ മതങ്ങളുടെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ വ്യതിയാനം പഠിക്കുവാൻ ഒരു സമിതിയെ നിശ്ചയിച്ചിരിക്കുകയാണ്. വലിയ ആശങ്കയാണ് ഇതുലക്ഷ്യമിടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കമുള്ളവരിൽ ഉണ്ടായിട്ടുള്ളത്. ബംഗാൾ, ആസാം തെരഞ്ഞെടുപ്പുകൾക്ക് ശേഷം അതിർത്തി പ്രദേശങ്ങളിൽ സംഘർഷങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയുമാണ്.
ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നത്. വിദ്വേഷരാഷ്ട്രീയം വിതറി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ആർ എസ് എസ് അജണ്ടക്കെതിരെ മതനിരപേക്ഷ കക്ഷികൾ രംഗത്തുവരണം. സെൻസസിന്റെ ഭാഗമായി കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്ന് എൽ ഡി എഫ് സർക്കാർ നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. ജനസംഖ്യാ വ്യതിയാന സമിതിയുടെ കൂടി പശ്ചാത്തലത്തിൽ അത്തരം ജാഗ്രത തുടരാൻ യു ഡി എഫ് സർക്കാർ തയ്യാറാവണം എന്നുകൂടി അഭ്യർത്ഥിക്കുന്നതായി പിണറായി വിജയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

