Tue. Apr 7th, 2026

പ്യോംങ്യാംഗ്: അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് പത്ത് ബാലിസ്റ്റിക് മിസൈലുകൾക്ക് പിന്നാലെ തന്ത്രപരമായ ആണവായുധ പരീക്ഷണവുമായി ഉത്തരകൊറിയ. അത്യാധുനിക ആണവ ശേഷിയുള്ള മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റമാണ് പരീക്ഷിച്ചതെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കിം ജോങ് ഉന്നിന്റെ ഈ പ്രകോപനപരമായ നീക്കം.

പരീക്ഷണത്തിന് കിം ജോങ് ഉൻ നേരിട്ട് മേൽനോട്ടം വഹിച്ചു. ഏകദേശം 420 കിലോമീറ്റർ ആക്രമണ പരിധിയുള്ള തന്ത്രപരമായ ആണവായുധത്തിന്റെ പ്രഹരശേഷി വിലയിരുത്താനാണ് ഈ പരീക്ഷണം നടത്തിയതെന്ന് കിം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊറിയയുടെ കിഴക്കൻ കടലിലെ ദ്വീപ് ലക്ഷ്യമാക്കി 360 കിലോമീറ്ററിലധികം ദൂരത്തേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടിരുന്നു. കിമ്മിനൊപ്പം മകൾ ജു എയും പരീക്ഷണ സ്ഥലത്ത് ഉണ്ടായിരുന്നു.

ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ ആക്രമണത്തെ ‘നിയമവിരുദ്ധമായ ആക്രമണ പ്രവൃത്തി’ എന്നാണ് പ്യോങ്‌യാങ് വിശേഷിപ്പിച്ചത്. അമേരിക്കയുടെ നടപടികൾ ‘തെമ്മാടി സ്വഭാവമാണെന്നും’ മേഖലയിലെ സമാധാനം തകർക്കുന്നതാണെന്നും കിം ജോങ് ഉൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *