ഐപിഎൽ ചരിത്രത്തിലെ പുതിയ വിസ്മയമായി മാറിയിരിക്കുകയാണ് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. പത്താം ക്ലാസ് പരീക്ഷ പോലും മാറ്റിവെച്ച് ഐപിഎൽ പരിശീലനത്തിന് ഇറങ്ങിയ വൈഭവ്, സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസ് 8 വിക്കറ്റിന് ചെന്നൈയെ തകർത്തു. 17 പന്തിൽ 5 സിക്സും 4 ഫോറുമടക്കം 52 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിനെ രാജസ്ഥാൻ ബൗളർമാർ 127 റൺസിന് എറിഞ്ഞൊതുക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് മികവിൽ 12.1 ഓവറിൽ ലക്ഷ്യം കണ്ടു. 15 പന്തിൽ അർധ സെഞ്ചറി പൂർത്തിയാക്കിയ വൈഭവ്, ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റിയാണ് സ്വന്തമാക്കിയത്. പവർപ്ലേയിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ചേർന്ന് 74 റൺസാണ് വൈഭവ് അടിച്ചെടുത്തത്. വൈഭവ് പുറത്തായ ശേഷം ജയ്‌സ്വാളും (38*) ക്യാപ്റ്റൻ റിയാൻ പരാഗും ചേർന്ന് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.
അതേസമയം, ചെന്നൈ സൂപ്പർ കിങ്സിനായി അരങ്ങേറ്റ മത്സരം കളിച്ച സഞ്ജു സാംസണ് തിളങ്ങാനായില്ല. 7 പന്തിൽ 6 റൺസ് മാത്രം നേടിയ സഞ്ജുവിനെ നാന്ദ്രെ ബർഗർ ക്ലീൻ ബോൾഡാക്കി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനും (6) കാര്യമായ സംഭാവന നൽകാനായില്ല. ഒരു ഘട്ടത്തിൽ 100 കടക്കില്ലെന്ന് തോന്നിച്ച ചെന്നൈയെ ജയ്മി ഓവർടന്റെ (43) പോരാട്ടമാണ് മാന്യമായ സ്കോറിലെത്തിച്ചത്. മുൻ ചെന്നൈ താരം രവീന്ദ്ര ജഡേജ രാജസ്ഥാനായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.

