വാഷിംഗ്‌ടൺ: ചന്ദ്രനെ ചുറ്റി വന്ന ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കിയ നാലംഗ സംഘത്തിന് അഭിനന്ദനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച പുലർച്ചെ ഒറയോൺ പേടകം ശാന്തസമുദ്രത്തിൽ സുരക്ഷിതമായി സ്പ്ലാഷ് ഡൗൺ നടത്തിയതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് സന്തോഷം പങ്കുവെച്ചത്.
“ആർട്ടെമിസ് 2-ലെ കഴിവുറ്റ സംഘത്തിന് അഭിനന്ദനങ്ങൾ. യാത്രയും ലാൻഡിങ്ങും ഗംഭീരമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഈ ദൗത്യത്തിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. നിങ്ങളെ എല്ലാവരെയും ഉടൻ തന്നെ വൈറ്റ് ഹൗസിൽ കാണാൻ ആഗ്രഹിക്കുന്നു. നമ്മൾ ഇത് വീണ്ടും ചെയ്യും. അടുത്ത ലക്ഷ്യം ചൊവ്വയാണ്” ഡോണൾഡ് ട്രംപ് പറഞ്ഞു.
ഭൂമിയിൽ നിന്ന് ഏകദേശം 2,52,756 മൈൽ ദൂരം സഞ്ചരിച്ച്, 1970-ലെ അപ്പോളോ 13 ദൗത്യത്തിന്റെ ദൂരപരിധി ഈ സംഘം മറികടന്നു. ചന്ദ്രന്റെ ഇതുവരെ മനുഷ്യർ നേരിട്ട് കാണാത്ത വിദൂര വശങ്ങൾ നിരീക്ഷിക്കാൻ ഈ സംഘത്തിന് സാധിച്ചു. യാത്രയ്ക്കിടയിൽ ചന്ദ്രനിലെ രണ്ട് ഗർത്തങ്ങൾക്ക് പേടകത്തിന്റെയും കമാൻഡർ റീഡ് വൈസ്മാന്റെ അന്തരിച്ച ഭാര്യ കരോളിന്റെയും പേര് നൽകാൻ ഇവർ അനുമതി തേടിയത് ഹൃദയസ്പർശിയായ നിമിഷമായി.
ഏപ്രിൽ 1-ന് വിക്ഷേപിച്ച ഈ ദൗത്യം ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ താവളം ഒരുക്കുന്നതിന്റെ ആദ്യ ഘട്ടമാണ്. 2028-ഓടെ മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കാനാണ് നാസയുടെ ലക്ഷ്യം. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘത്തെ നിലവിൽ നാവികസേനയുടെ കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ ഉടൻ തന്നെ വിദഗ്ദ്ധ വൈദ്യപരിശോധനകൾക്ക് വിധേയരാകും.

