ടെഹ്റാൻ: ഗൾഫ് മേഖലയിൽ സമാധാനവും വികസനവും വേണമെന്നുണ്ടെങ്കിൽ അമേരിക്കയെയും ഇസ്രയേലിനെയും സ്വന്തം മണ്ണിൽ നിന്ന് അകറ്റി നിർത്തണമെന്ന് അയൽരാജ്യങ്ങളോട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തുന്നതിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ അന്ത്യശാസനം നൽകി.
അമേരിക്കയെ തങ്ങളുടെ മണ്ണിൽ നിന്ന് യുദ്ധം നിയന്ത്രിക്കാൻ അനുവദിക്കരുത്. ശത്രുക്കളെ സഹായിക്കുന്ന നിലപാട് തുടർന്നാൽ അത് മേഖലയുടെ സുരക്ഷയെ ബാധിക്കും. ഇറാൻ ഒരിക്കലും ആദ്യം ആക്രമിക്കില്ല, എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക-അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വെച്ചാൽ ശക്തമായ പ്രത്യാക്രമണം ഉണ്ടാകും. നിലവിൽ അമേരിക്കൻ നീക്കങ്ങൾക്ക് പകരമായി ചില ഗൾഫ് കേന്ദ്രങ്ങളിൽ ഇറാൻ തിരിച്ചടി നൽകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ പാകിസ്താൻ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ ഇറാൻ പ്രശംസിച്ചു. പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിന്റെ നേതൃത്വത്തിൽ സൗദി, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ചർച്ചകൾ നിർണ്ണായകമാണെന്ന് അദ്ദേഹം വിലയിരുത്തി. അമേരിക്കയുമായുള്ള ചർച്ചകൾക്ക് പരസ്പര വിശ്വാസം അനിവാര്യമാണെന്നും, സുരക്ഷയാണ് ലക്ഷ്യമെങ്കിൽ വിദേശ ശക്തികളെ മേഖലയിൽ നിന്ന് പുറത്താക്കണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയിൽ പെസെഷ്കിയൻ ആവർത്തിച്ചു.

