Tue. Jun 16th, 2026

ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ ഏറ്റവും പുതിയ പേറ്റന്റ് റാങ്കിങ്ങിൽ ചരിത്രനേട്ടവുമായി ജിയോ പ്ലാറ്റ്‌ഫോംസ്. ആഗോളതലത്തിൽ ആദ്യ 20 സ്ഥാനങ്ങളിലേക്ക് ഇടംപിടിച്ച ജിയോ, മുൻ വർഷത്തേക്കാൾ 320 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. വാവേയ്, സാംസങ്, ക്വാൽകോം, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ആഗോള ഭീമന്മാർക്കൊപ്പം സ്ഥാനം പിടിക്കുന്ന ഏക ഇന്ത്യൻ ടെക് കമ്പനിയായി ജിയോ മാറി.

കമ്പനിയുടെ ‘ഡീപ്-ടെക്’ സംരംഭങ്ങളിലെ വർഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണ് ഈ റാങ്കിങ് എന്ന് മാനേജിംഗ് ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ എന്ന ദർശനത്തിന് ഈ നേട്ടം സമർപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. അത്യാധുനിക സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ കയ്യൊപ്പ് പതിപ്പിക്കാനും അവ ആഗോളതലത്തിൽ ലഭ്യമാക്കാനും ജിയോ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

5G, 6G സാങ്കേതികവിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ്-നേറ്റീവ് പ്ലാറ്റ്‌ഫോമുകൾ, ഇന്റലിജന്റ് ഓട്ടോമേഷൻ, നെറ്റ്‌വർക്ക് സ്ലൈസിങ് തുടങ്ങിയ അത്യാധുനിക മേഖലകളിലാണ് ജിയോ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം 6,817 പേറ്റന്റുകളാണ് ജിയോ ഇതിനകം ഫയൽ ചെയ്തിരിക്കുന്നത്. ആഗോളതലത്തിൽ പേറ്റന്റ് ഫയലിംഗിൽ കാര്യമായ വളർച്ചയില്ലാത്ത സാഹചര്യത്തിൽ ജിയോ കൈവരിച്ച ഈ വമ്പൻ കുതിച്ചുചാട്ടം ഗവേഷണ-വികസന രംഗത്ത് കമ്പനിയുടെ മികവ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *