Tue. Apr 7th, 2026

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നാശം വിതയ്ക്കുമ്പോള്‍ അമേരിക്കയിലെ സാധാരണ ജനതയ്ക്കായി തുറന്ന കത്തെഴുതി ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. സാധാരണക്കാരായ അമേരിക്കന്‍ ജനതയോട് ഒട്ടും ശത്രുത പുലര്‍ത്തുന്നില്ലെന്ന് പ്രസിഡന്റ് കുറിപ്പില്‍ പറഞ്ഞു.

ബുധനാഴ്ച എഴുതിയ കത്തില്‍ ഇറാനെ ഒരു ലോക ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാര്‍ഥ്യങ്ങള്‍ക്കോ നിലവിലെ വസ്തുതകള്‍ക്കോ നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെയും യൂറോപ്പിലെയും അയല്‍രാജ്യങ്ങളിലെയും സാധാരണ ജനങ്ങളോട് ഇറാന്‍ ജനതയ്ക്ക് യാതൊരു വിധ ശത്രുതയുമില്ല. വിദേശ ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും നേരിടുമ്പോഴും അവിടുത്തെ സര്‍ക്കാരുകളെയും ജനങ്ങളെയും വേര്‍തിരിച്ചു കാണാന്‍ ഇറാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത് ഇറാനിയന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇറാനെ ഒരു ഭീഷണിയായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് ചില ശക്തികളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ്.

ആയുധ വിപണി നിയന്ത്രിക്കാനും സൈനിക ആധിപത്യം നിലനിര്‍ത്താനും ഒരു ശത്രുവിനെ ആവശ്യമായതുകൊണ്ട് മാത്രം കെട്ടിച്ചമച്ച ഭീഷണിയാണിത്. ആധുനിക ചരിത്രത്തില്‍ ഇറാന്‍ ഒരിക്കലും മറ്റൊരു രാജ്യത്തിന് മേല്‍ അധിനിവേശത്തിനോ കടന്നുകയറ്റത്തിനോ മുതിര്‍ന്നിട്ടില്ല. പ്രതിരോധം മാത്രമാണ് രാജ്യം എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതെന്നും പെസെഷ്‌കിയാന്‍ കത്തില്‍ വ്യക്തമാക്കി. അമേരിക്കന്‍ സര്‍ക്കാര്‍ ഇസ്‌റാഈലിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഒരു ‘പ്രോക്‌സി’ ആയി പ്രവര്‍ത്തിക്കുകയാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. യുദ്ധങ്ങള്‍ ആര്‍ക്ക് വേണ്ടിയാണെന്ന് അമേരിക്കന്‍ ജനത ചിന്തിക്കണമെന്നും കത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *