ന്യൂഡൽഹി: അമേരിക്ക ഉപരോധങ്ങളെത്തുടർന്ന് ഏഴ് വർഷമായി നിർത്തിവെച്ചിരുന്ന ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പുനരാരംഭിക്കുന്നു. ആഫ്രിക്കൻ രാജ്യമായ എസ്‌വാതിനിയുടെ പതാക ഘടിപ്പിച്ച കപ്പലിൽ ഏകദേശം ആറ് ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ഏപ്രിൽ നാലിന് ഗുജറാത്തിലെ ദീൻദയാൽ തുറമുഖത്ത് കപ്പൽ അടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019-ൽ ട്രംപ് ഭരണകൂടം ഇറാനെതിരെ കർശനമായ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തിവെച്ചിരുന്നത്. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിർണ്ണായകമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിച്ചിരുന്നു. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ കടത്തിവിടുമെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്കുള്ള എൽപിജി കപ്പലുകളും ഇപ്പോൾ എണ്ണക്കപ്പലും സുരക്ഷിതമായി യാത്ര തിരിക്കുന്നത്. യുക്രൈൻ യുദ്ധസമയത്ത് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിയതിന് സമാനമായി, പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യ ഇപ്പോഴും സ്വീകരിക്കുന്നത്.
നേരത്തെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 10 മുതൽ 12 ശതമാനം വരെ ഇറാനിൽ നിന്നായിരുന്നു. ഭൂമിശാസ്ത്രപരമായ സാമീപ്യവും ഇറാനിയൻ ക്രൂഡ് ഓയിലിന്റെ ഗുണമേന്മയും ഇന്ത്യയ്ക്ക് ഏറെ ലാഭകരമായിരുന്നു. എന്നാൽ 2019-20 കാലഘട്ടത്തിൽ ഇറക്കുമതി പൂജ്യം ശതമാനത്തിലേക്ക് താഴ്ന്നതോടെ സൗദി അറേബ്യ, ഇറാഖ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിയൻ എണ്ണ വീണ്ടും ഇന്ത്യൻ വിപണിയിലെത്തുന്നത് ആഭ്യന്തര എണ്ണ വിപണിയിലും ഊർജ്ജ നയങ്ങളിലും വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കാം.

