Fri. May 15th, 2026

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലയാണ് വര്‍ധിപ്പിച്ചത്. ഒറ്റയടിക്ക് കൂട്ടിയത് 993 രൂപയാണ്. ഇതോടെ സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 2,078.50-ല്‍ നിന്ന് 3,071.50 ആയി ഉയര്‍ന്നു.മുംബൈയില്‍ 2,031-ല്‍ നിന്ന് 3,024 ആയി ഉയര്‍ന്നു.കോഴിക്കോട്ട് 3117.5 രൂപയായി.

ഫെബ്രുവരി 28ന് ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടര്‍ വില വര്‍ദ്ധിപ്പിക്കുന്നത്. ഈ വിലക്കയറ്റം റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മറ്റ് ചെറുകിട ബിസിനസ്സുകള്‍ എന്നിവയെ സാരമായി ബാധിക്കും. ഇത് ഭക്ഷണസാധനങ്ങളുടെ വില കൂടുന്നതിനും കാരണമായേക്കാം.

അതേ സമയം മെയ് 1 മുതല്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലെങ്കിലും, സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പുതിയ കര്‍ശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

നഗരപ്രദേശങ്ങളില്‍ ഇനി മുതല്‍ 25 ദിവസത്തിന് ശേഷം മാത്രമേ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ (മുമ്പ് ഇത് 21 ദിവസമായിരുന്നു). ഗ്രാമപ്രദേശങ്ങളില്‍ ഈ ഇടവേള 45 ദിവസമായി നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത ദിവസത്തിന് മുമ്പ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ സിസ്റ്റം അത് ഓട്ടോമാറ്റിക്കായി തടയും.

സിലിണ്ടര്‍ കൈപ്പറ്റുമ്പോള്‍ ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി കാണിക്കണം. ബ്ലൂ ബുക്കോ രസീതോ മാത്രം കാണിച്ചാല്‍ ഇനി മുതല്‍ സിലിണ്ടര്‍ ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *