Tue. Apr 7th, 2026

കൊല്ലം: കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസിലെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. സന്ദീപിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു മറുപടി. പ്രായശ്ചിത്തം ചെയ്യാന്‍ പറ്റുമോ എന്ന് കോടതിയോട് സന്ദീപ് ചോദിച്ചു. മാതാവിന് താന്‍ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു. പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ മാതാവിനെ കാണാന്‍ അവസരം നല്‍കണമെന്ന് പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു.

ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ കാരണങ്ങള്‍ മാത്രമാണ് പ്രതി സന്ദീപിന്റേതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി പറഞ്ഞിരുന്നത്. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചിരുന്നു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.

2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സന്ദീപിനെ പൂയപ്പള്ളി പോലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്. ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പോലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവര്‍ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. പ്രതി വന്ദനയെ തടഞ്ഞ് നിര്‍ത്തി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിച്ചു.വൈകാതെ വന്ദനയുടെ മരണം സംഭവിച്ചു. പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *