തിരുവനന്തപുരം: “നീ പോ മോനെ വിജയാ” എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധിക്ഷേപത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. “ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തത്കാലം കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുരംഗത്ത് കാണിക്കേണ്ട അടിസ്ഥാന മര്യാദകൾ രേവന്ത് റെഡ്ഡി പാലിക്കുന്നുണ്ടോ എന്ന് അദ്ദേഹം തന്നെ ചിന്തിക്കട്ടെ. പരസ്യമായി അധിക്ഷേപം ഉന്നയിച്ച സാഹചര്യത്തിൽ, അതേ രീതിയിൽ തന്നെ താൻ മറുപടി നൽകും. ഇപ്പോൾ വിശദമായി പറയുന്നില്ലെങ്കിലും കൃത്യമായ മറുപടി ഉടൻ ഉണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെയാണ് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചത്. നേരത്തെ, വികസനം കാണാൻ തെലങ്കാനയിലേക്ക് വരൂ എന്ന രേവന്ത് റെഡ്ഡിയുടെ വെല്ലുവിളിക്ക് കണക്കുകൾ നിരത്തി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. സാക്ഷരത, ശിശുമരണ നിരക്ക്, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നീ മേഖലകളിൽ കേരളം തെലങ്കാനയേക്കാൾ എത്രയോ മുന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കിയിരുന്നു. കേരളത്തെ അവഹേളിക്കുന്നവരുടെ വക്താവായി രേവന്ത് റെഡ്ഡി മാറിയെന്നും യഥാർത്ഥ ജനക്ഷേമ നടപടികളെക്കുറിച്ച് പഠിക്കാൻ അദ്ദേഹം കേരളത്തിലേക്ക് വരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

