Tue. Apr 7th, 2026

സാംസങ്ങിന്റെ ആദ്യ ട്രിപ്പിൾ ഫോൾഡിങ് സ്മാർട്ഫോണായ ‘ഗാലക്സി ഇസഡ് ട്രൈഫോൾഡ്’ വിപണിയിൽ നിന്ന് പിൻവലിച്ചത് തോറ്റു പിന്മാറലല്ലെന്ന് പുതിയ റിപ്പോർട്ടുകൾ. പുറത്തിറക്കി മൂന്ന് മാസത്തിന് ശേഷം വിൽപന അവസാനിപ്പിച്ചത് ഇതിന്റെ കൂടുതൽ കരുത്തുറ്റതും പരിഷ്കരിച്ചതുമായ രണ്ടാം പതിപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നാണ് സൂചന. അടുത്ത വർഷം വിപണിയിലെത്തുമെന്ന് കരുതുന്ന ‘ഗാലക്സി ഇസഡ് ട്രൈഫോൾഡ് 2’ മികച്ച സാങ്കേതിക വിദ്യകളുമായാണ് സാംസങ് അണിയറയിൽ ഒരുക്കുന്നത്.

പുതിയ പതിപ്പിൽ സാംസങ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഫോണിന്റെ ഹിഞ്ച് ഡിസൈനിലാണ്. മുൻ മോഡലിലെ 12.9mm കനം കുറയ്ക്കാനും കൂടുതൽ ഈടുനിൽക്കുന്ന തരത്തിലുള്ള ഹിഞ്ച് നൽകാനുമാണ് കമ്പനിയുടെ ശ്രമം. സാംസങ്ങിന്റെ തന്നെ ഗാലക്സി ഇസഡ് ഫോൾഡ് 7-നേക്കാൾ അല്പം മാത്രം കനം കൂടിയ രീതിയിലാകും പുതിയ ട്രൈഫോൾഡ് വരിക. സ്ക്രീനിലെ മടക്കുകൾ കുറയ്ക്കാനും ഭാരം കുറഞ്ഞ ഡിസൈൻ അവതരിപ്പിക്കാനും പുതിയ പ്രോട്ടോടൈപ്പിലൂടെ സാംസങ് ലക്ഷ്യമിടുന്നു.

ആദ്യ മോഡലിലെ ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട് ചില ഉപഭോക്താക്കൾ പരാതി ഉന്നയിച്ചതും ഉയർന്ന വിലയും വിപണിയെ ബാധിച്ചിരുന്നു. കൂടാതെ, ചൈനീസ് ബ്രാൻഡായ വാവേയ് ഉയർത്തിയ കടുത്ത വെല്ലുവിളിയും ഈ പിന്മാറ്റത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. വൻതോതിലുള്ള ഉൽപ്പാദനത്തിന് പകരം സാംസങ്ങിന്റെ സാങ്കേതിക മികവ് ലോകത്തിന് കാണിച്ചു കൊടുക്കുക എന്നതായിരുന്നു ആദ്യ പതിപ്പിലൂടെ കമ്പനി ലക്ഷ്യമിട്ടത്. പോരായ്മകൾ പരിഹരിച്ചുള്ള പുതിയ പതിപ്പ് വിപണിയിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ട്രൈഫോൾഡ് ഫോണുകൾക്ക് പുറമെ ‘ഗാലക്സി ഇസഡ് സ്ലൈഡ്’ എന്ന പേരിൽ സ്ലൈഡ് ചെയ്യാവുന്ന ഡിസ്‌പ്ലേയുള്ള മറ്റൊരു വിപ്ലവകരമായ ഫോണും സാംസങ് വികസിപ്പിക്കുന്നുണ്ട്. ഏഴ് ഇഞ്ച് വരെ വികസിപ്പിക്കാവുന്ന ഒഎൽഇഡി സ്ക്രീനുള്ള ഈ ഉപകരണം 2027-ഓടെ വിപണിയിലെത്തിയേക്കും. മടക്കാവുന്ന ഫോണുകൾക്ക് പിന്നാലെ സ്ലൈഡിംഗ് ഫോണുകൾ കൂടി എത്തുന്നതോടെ സ്മാർട്ഫോൺ വിപണിയിൽ സാംസങ് വീണ്ടും കരുത്ത് തെളിയിക്കാനാണ് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *