Fri. Apr 3rd, 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഏപ്രിൽ 9-നാണ് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. വോട്ടെണ്ണൽ മെയ് നാലിന് നടക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുന്നണികളെല്ലാം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നുകഴിഞ്ഞു.

കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ആണ് ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 09-നാണ് ജനവിധി തേടുന്നത്. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കുമ്പോൾ, പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, ഏപ്രിൽ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പോളിംഗ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ചിടങ്ങളിലെയും വോട്ടെണ്ണൽ മെയ് 04-ന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് ദൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 17.4 കോടി വോട്ടർമാരാണ് ഇത്തവണ വിധിയെഴുതുന്നത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് (6.44 കോടി). തമിഴ്നാട്ടിൽ 5.67 കോടിയും കേരളത്തിൽ 2.70 കോടിയും അസമിൽ 2.50 കോടിയും പുതുച്ചേരിയിൽ 9.44 ലക്ഷവും വോട്ടർമാർ വീതമുണ്ട്. ആകെ 824 നിയോജകമണ്ഡലങ്ങളിലായി 2.19 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കുന്നത്. എല്ലാ വോട്ടർമാരും ഉത്തരവാദിത്തത്തോടെയും അഭിമാനത്തോടെയും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്ന് കമ്മീഷണർ ആഹ്വാനം ചെയ്തു.

തിരഞ്ഞെടുപ്പ് സുതാര്യവും സുരക്ഷിതവുമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 30,471 പോളിംഗ് സ്റ്റേഷനുകളിലും 100% വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാരെ മാത്രമേ അനുവദിക്കൂ. കുടിവെള്ളം, റാമ്പ്, വീൽചെയർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം മൊബൈൽ ഫോണുകൾ സൂക്ഷിക്കാനുള്ള സൗകര്യവും ബൂത്തുകൾക്ക് പുറത്തുണ്ടാകും. വ്യാജ പ്രചാരണങ്ങൾക്കും തിരഞ്ഞെടുപ്പ് അക്രമങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഓരോ രണ്ട് മണിക്കൂറിലും പോളിംഗ് ശതമാനം അപ്‌ലോഡ് ചെയ്യുമെന്നും കമ്മീഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *