കൊച്ചി: മരണശേഷം സ്വന്തം ശരീരം എങ്ങനെ സംസ്കരിക്കണം അല്ലെങ്കിൽ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ അവകാശത്തിന് മുൻഗണന നൽകണമെന്ന് കേരള ഹൈക്കോടതി. മരണാനന്തരമുള്ള ശരീരദാനത്തിന് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതി ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് തന്റെ മരണശേഷം ശരീരത്തിന് എന്ത് സംഭവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും, അത് വ്യക്തിയുടെ മരണാനന്തര ശാരീരിക അഖണ്ഡതയുടെ (posthumous bodily integrity) / ശാരീരിക സ്വയംഭരണാവകാശത്തിൻറെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് പ്രീത എ കെ എന്നിവർ അടങ്ങിയ ബഞ്ചിന്റേതാണ് വിധി.
ശാരീരിക അഖണ്ഡത (ഒരു വ്യക്തിയുടെ സ്വന്തം ശരീരത്തിന്മേലുള്ള പൂർണ്ണമായ അവകാശവും അതിലേക്ക് മറ്റാരും ഇടപെടരുത് എന്ന തത്വവും) ഇതിന്റെ പിന്നിലെ ആശയം. ഒരു വ്യക്തി മരണപ്പെട്ടാലും അവരുടെ മൃതദേഹത്തെ ആദരവോടെ കാണണമെന്നും, അവരുടെ മുൻകൂർ അനുവാദമില്ലാതെ (ഉദാഹരണത്തിന് അവയവദാന സമ്മതപത്രം പോലെയുള്ളവ) മൃതദേഹത്തിൽ മാറ്റങ്ങൾ വരുത്താനോ ചൂഷണം ചെയ്യാനോ പാടില്ല എന്നുമുള്ള നിയമപരമായ അവകാശത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
മരണപ്പെട്ട വ്യക്തികളുടെ ആഗ്രഹങ്ങളെ മാനിക്കാനും അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുമാണ് നിയമം ശ്രമിക്കുന്നത്. മെഡിക്കൽ പഠന ആവശ്യങ്ങൾക്കായി (anatomical purposes) ശരീരം ദാനം ചെയ്യണമെന്ന അന്തരിച്ച ഒരു സ്ത്രീയുടെ ജീവിതകാലത്തെ ആഗ്രഹത്തെ കോടതി ശരിവെക്കുകയായിരുന്നു. മരണശേഷം ഈ തീരുമാനത്തിനെതിരെ ഉയർന്നുവന്ന എതിർപ്പുകളെ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.
ജീവിതത്തിൽ മതവിശ്വാസം, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ ഒരു വ്യക്തിക്കുള്ള പരമാധികാരം അംഗീകരിക്കുന്നതുപോലെ തന്റെ തീരുമാനം നടപ്പിലാക്കാൻ തനിക്കുതന്നെ ത്രാണിയില്ലാത്ത അവസ്ഥയാണു മരണം. അതുകൊണ്ട്, മരണാനന്തര ചടങ്ങുകളിൽ വളരെ പ്രധാനമായ ഒരു കാര്യമാണു മരിച്ച വ്യക്തിയുടെ താല്പര്യം പൂർണ്ണമായി സംരക്ഷിക്കുകയെന്നത്.

