Sat. Apr 11th, 2026

കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ ഹാട്രിക് വിജയം നേടുമെന്ന് ഉറപ്പിച്ചു പറഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രൻ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും വോട്ടർമാർ പോളിങ് ബൂത്തുകളിൽ ഇതിനോടകം തന്നെ എൽ.ഡി.എഫിന് ‘പച്ചക്കൊടി’ കാണിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ ഇടതുമുന്നണി 100-ലധികം സീറ്റുകൾ നേടുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ‘വനവാസം’ വെല്ലുവിളിയെ രൂക്ഷമായ പരിഹാസത്തോടെയാണ് മന്ത്രി നേരിട്ടത്. യു.ഡി.എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന സതീശന്റെ പ്രഖ്യാപനം കോൺഗ്രസിനുള്ളിലെ അധികാരപ്പോരാട്ടത്തിന്റെ ഭാഗമാണെന്ന് ശശീന്ദ്രൻ കുറ്റപ്പെടുത്തി. “വനവാസത്തിന് പോകുന്ന സതീശന് എല്ലാ ആശംസകളും. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ അതിനുള്ള എല്ലാ സൗകര്യങ്ങളും ഞാൻ ഒരുക്കി നൽകാം. കെ. സുധാകരന്റെ ആഗ്രഹവും സതീശൻ വനവാസത്തിന് പോകണമെന്നതല്ലേ,” എന്നും അദ്ദേഹം പരിഹസിച്ചു.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ തവണ ലഭിച്ച 11 സീറ്റുകളേക്കാൾ മികച്ച വിജയം ഇത്തവണ ഉണ്ടാകുമെന്നും, കൊടുവള്ളിയിലും വടകരയിലും എൽ.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എലത്തൂർ മണ്ഡലത്തിൽ തനിക്ക് വലിയ വിജയം ലഭിക്കുമെന്ന ഉറപ്പും അദ്ദേഹം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *