✍️ ലിബി.സി.എസ്
തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീൻ’ നോവൽ ഇറങ്ങിയ വർഷം തന്നെ ‘ചെമ്മീൻ ഒരു നിരൂപണം’ എന്ന ഡോക്ടർ വി വി വേലുക്കുട്ടി അരയൻ എഴുതിയ വിമർശനവും പുറത്തുവന്നിരുന്നു. കേരളത്തിന്റെ പുരോഗമന ധൈഷണീകലോകം എന്ന് അവകാശപ്പെടുന്നവർ അതവഗണിക്കുകയായിരുന്നു. അവഗണിക്കുക മാത്രമല്ല അതിനെ കേരളത്തിലെ പൊതുമണ്ഡലത്തിൽ നിന്ന് തീർത്തും അദൃശ്യമാക്കാൻ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും കഴിഞ്ഞുവെന്നതാണ് വാസ്തവം.
“മാമൂലുകളെയും,വിശ്വാസ യോഗ്യമല്ലാത്ത പഴഞ്ചൻ കഥകളെയും തകഴി ചെമ്മീനിൽ ഉപയോഗിച്ചിട്ടുണ്ട്” എന്നാണ് വേലുക്കുട്ടി അരയൻ പറഞ്ഞത്.
“കടലിനകത്തൊരു കടലമ്മയുണ്ടെന്നും ആ ഉഗ്രമൂർത്തി ചാരിത്ര്യം കെട്ട മുക്കുവത്തികളുടെ ഭർത്താക്കന്മാരെ കൊന്നുകളയുമെന്നും, അരുതായ്മയും മാമൂലും തെറ്റിച്ച് വള്ളവും വലയും ഇറക്കുന്നവരെ ഒരു പോലെ നശിപ്പിച്ചുകളയുമെന്നും ഇല്ലാത്ത ഒരു അന്ധവിശ്വാസം കഥയിലൂടെ സ്ഥാപിക്കാൻ തകഴി ശ്രമിച്ചതായിട്ടാണ്” വേലുക്കുട്ടി അരയൻ ചൂണ്ടി കാണിച്ചത്. അരയ സമുദായത്തിനിടയിൽ ഇങ്ങനെ ഒരു വിശ്വാസമില്ല. തകഴിയുടെ കഥയിലൂടെ തകഴി അവതരിപ്പിച്ച മിത്തിലൂടെ മറ്റുള്ളവരും ഇങ്ങനെ വിശ്വസിച്ചു. തകഴി കടപ്പുറത്തിന് മേൽ ആരോപിക്കുന്ന മിത്തുകൾ മുതൽ പഴനി സ്രാവിനെ പിടിക്കാൻ കൊണ്ട് പോകുന്ന വലയെ വരെ വേലുക്കുട്ടി അരയൻ വെറുതെ വിട്ടില്ല.
അരയ സമുദായത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്താതെ തകഴി നടത്തിയ ആവിഷ്ക്കാരം അരയ സമുദായത്തെ അവഹേളിക്കലാണ് എന്നാണ് വേലുക്കുട്ടി അരയൻ പറഞ്ഞത്. തകഴിയുടെ കരയോഗ സോഷ്യലിസ്റ്റ് റിയലിസത്തെ തല്ലിപ്പൊളിച്ചു കടലില്‍ കളയുകയാണ് വേലുക്കുട്ടി അരയന്‍ ആ നിരൂപണത്തിലൂടെ ചെയ്തത്. തകഴിയുടെ ‘നോട്ട’ത്തിൽ കടുത്ത ഹിംസയുണ്ടെന്ന് വേലുക്കുട്ടി അരയൻ സംശയലേശമന്യേ സ്ഥാപിക്കുന്നു.
കടല്‍ത്തീരത്തെയും അവിടെ ജീവിക്കുന്ന സമുദായങ്ങളെയും തകഴി എങ്ങനെ പ്രതിനിധാനത്തിലൂടെ അപരവത്ക്കരിക്കുന്നുവെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ വിശകലനം ചെയ്യുന്നുണ്ട്. തകഴിയുടെ കരയോഗ സോഷ്യലിസ്റ്റ് റിയലിസം എന്ന ഇടപാട് എത്ര ഭീകരമായ പൊള്ളത്തരമാണെന്ന് വേലുക്കുട്ടി അരയൻ സ്പഷ്ടമാക്കിത്തരുന്നുമുണ്ട് തൻറെ നിരൂപണത്തിലൂടെ.
‘ഈ മനുഷ്യൻ ഇനി കയർ എന്നൊരു നോവൽ എഴുതാൻ പോകുന്നുവെന്ന് കേൾക്കുന്നു.ആ കയറിൽ തൂങ്ങിച്ചാവുന്നതാണ് അങ്ങേർക്ക് നല്ലത് എന്ന രൂക്ഷമായ പരിഹാസത്തോടെയാണ് ആ വിമർശനം അദ്ദേഹം ഉപസംഹരിക്കുന്നതും.
അറുപത് വർഷത്തോട് അടുക്കുന്നു വേലുക്കുട്ടി അരയൻ ഈ നിരൂപണം ഇപ്പോഴും നമ്മുടെ പുരോഗമന സാഹിത്യകാരന്മാരുടെ മാത്രമല്ല പൊതു സമൂഹത്തിന്റെയും ദലിതരോടും കടലോര വാസികളോടുമൊക്കെയുള്ള മനോഭാവങ്ങളിലെ ഭീകരമായ ഹിംസയ്ക്ക് ഒരു മാറ്റവുമില്ലെന്ന് കാണാവുന്നതാണ്.
തകഴിയുടെ ഓർമ്മ ദിനമായിട്ട് ഇങ്ങനെയൊക്കെയാണോ അനുസ്മരിക്കുന്നത്? കേരള മോപ്പസാങ്ങ് ആണ് എന്നും സാധാരണ മനുഷ്യന്റെയും മണ്ണും മനുഷ്യനും തമ്മിലുള്ള ഗാഢബന്ധത്തിന്റെയും കഥകൾ പറഞ്ഞ് മലയാള സാഹിത്യത്തിൽ ഒരു സാമ്രാജ്യം സ്ഥാപിച്ച എഴുത്തുകാരനാണ് തകഴി എന്നൊക്കെയല്ലേ എഴുതേണ്ടത് എന്ന് ചിന്തിക്കുന്നുണ്ടാവും, ഞാൻ ഒരു ആചാരലംഘിക ആയതുകൊണ്ട് ഇത്രയും കുറിച്ചെന്നേയുള്ളു.
ആചാരപരമായി ഒന്ന് അനുസ്മരിച്ചില്ലെന്ന് വേണ്ട. ഇതോടൊപ്പമുള്ളത് 1956-ലേ തകഴിയുടെ സിംഗപ്പൂർ യാത്രയിൽ എടുത്ത ഒരു ചിത്രമാണ്. സിങ്കപ്പൂരിലെ മലയാളി പത്രപ്രവർത്തകരാണ് ഒപ്പം ഉള്ളത്. ഈ യാത്രയെക്കുറിച്ച് തകഴി തന്നെ രസകരമായി വിവരിക്കുന്നത് ഇങ്ങനെയാണ്- “സിങ്കപ്പൂരിൽ എൻ്റെ ഒപ്പം ഉണ്ടായിരുന്നവർക്കെല്ലാം പാൻ്റ്സ്, ഓവർകോട്ട്. ഫ്ളാനൽ ഷർട്ട്. ഗ്ലൗസ്, കൂടാതെ രോമക്കോട്ടും സ്വന്തമായിരുന്നു. എൻ്റെ കാര്യം സ്വല്പം പരുങ്ങലിൽ ആയിരുന്നു അന്ന്. കാരണം എൻ്റെ അച്ഛൻ്റെ അനന്തരവൻ രാഘവൻ മച്ചൂനൻ്റെ നാലു പാൻറുകൾ എനിക്കു കടമായി തന്നിരുന്നു. അതിലൊന്ന് രോമം ആണ്. തടിയും കുടവയറും ഉള്ള മച്ചൂനൻ്റെ പാൻ്റ്സിൻ എന്നെപ്പോലുള്ള നാലു പേർക്ക് കയറിയിറങ്ങാം. അത് ആലപ്പുഴയിലെ ഒരു തയ്യൽക്കാരനെക്കൊണ്ട് ചെറുതാക്കിച്ചു. അയാളുടെ കരകൗശലം ഏറെ വിചിത്രമായിരുന്നു. മുൻവശത്തെ ബട്ടൺ കാലപ്പഴക്കത്താൽ പൊഴിഞ്ഞിരുന്നു. സ്റ്റ് റാപ്പ് എത്തുകയില്ല. ബക്കിൾ ഇടാൻ എനിക്കൊട്ട് അറിയാനും മേല. നാട്ടിൽ വച്ച് ഷർട്ടിൽ മൊട്ടുസൂചി കുത്തി ശീലിച്ച ഞാൻ പാൻറിലും മൊട്ടുസൂചി പ്രയോഗം തന്നെ നടത്തി. നാട്ടിൽ നിന്നു പോരുമ്പോൾ എനിക്ക് കോട്ട് ഇല്ലായിരുന്നു.മദ്രാസിൽ വച്ച് എനിക്ക് ഒരാൾ ഒരു രോമക്കോട്ട് ഓഫർ ചെയ്തു. ഭാരക്കുടുതൽ കാരണം ഞാനതു നിഷേധിച്ചു. എന്നാൽ അയാള തു എൻ്റെ തലയിൽ കെട്ടിവച്ചു. ഞാൻ കോട്ട് കയ്യിലും തോളിലുമായി തൂക്കി. അങ്ങനെ വികൃതമാക്കിയ വേഷമായിരുന്നു എനിക്ക് സിങ്കപ്പൂരിൽ എത്തുമ്പോൾ . ഞാൻ നിന്നു വെട്ടിവിറച്ചപ്പോൾ ചൂടു നൽകാനും അവിടെ ആളുണ്ടായി. അതൊരാശ്വാസമായി. (തകഴിയുടെ യാത്രാവിവരണം – ജപ്പാനിലേക്കുള്ള കപ്പൽയാത്ര)
ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ച അദ്ദേഹം അമ്പലപ്പുഴ മുൻസിഫ് കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും ഇരുപത് വർഷത്തോളം പ്ലീഡറായിരുന്നു. തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുമ്പോൾ, ലോകസാഹിത്യത്തിലെ പരിവർത്തനങ്ങൾ മലയാളിക്കു പരിചയപ്പെടുത്തിയ കേസരി ബാലകൃഷ്ണപിള്ളയാണ് തകഴിയുടെ സാഹിത്യജീവിതം പുതിയൊരു വഴിത്തിരിവിലേക്ക് പ്രവേശിപ്പിച്ചത്.
എന്തായാലും ചെമ്മീൻ’ എന്ന നോവലിന് 1957-ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും 1965-ൽ ‘ഏണിപ്പടികൾ’ ന് കേരള സാഹിത്യ അവാർഡും കു ‘കയർ’ ന് 1980 ൽ വയലാർ അവാർഡും ലഭിച്ചു. 1984-ൽ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠവും 1985-ൽ പത്മഭൂഷണും ലഭിച്ചു.
‘ചെമ്മീൻ’ നിരവധി വിദേശഭാഷകളിലേക്കും ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. അങ്ങനെ വിദേശങ്ങളിലേക്കും കേരളത്തിലെ അരയസമുദായത്തെക്കുറിച്ചുള്ള തെറ്റായ ധാരണ പടർത്തി. രാമു കാര്യാട്ട് ചലച്ചിത്രാവിഷ്കാരം നൽകിയ ചെമ്മീൻ ദേശീയതലത്തിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യമലയാള ചിത്രവുമായി.
അങ്ങനെ വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി, പി.കേശവദേവ് എന്നിവർക്കൊപ്പം യഥാർതഥ്യം അഥവാ റിയലിസം എന്ന പുതിയതരംഗം സൃഷ്ടിച്ച് മലയാള സാഹിത്യത്തിൽ ബലിഷ്ഠമായ അടിമണ്ണൊരുക്കിയവരിൽ ഒരാളുമാണ് തകഴി എന്നൊക്കെ പലരും എഴുതിപ്പിടിപ്പിക്കാൻ തുടങ്ങി. തകഴി മോശം സാഹിത്യകാരൻ ആണെന്നല്ല പറഞ്ഞത്. ഇങ്ങനൊക്കെ തള്ളിമറിക്കുമ്പോൾ ഇതാണോ റിയലിസം എന്നൊരു ചോദ്യം ഉയരുന്നുണ്ട്, എന്നും ഇത് ഡോ. അരയൻ പറഞ്ഞ ശൂദ്ര സോഷ്യലിസ്റ്റ് റിയലിസം ആണ് ഇത് എന്നും സൂചിപ്പിച്ചു എന്നേയുള്ളൂ.
കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഏപ്രിൽ 10: തകഴി ശിവശങ്കരപ്പിള്ള ഓർമ്മദിനം

