പുതുച്ചേരി: അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ലോക് നിവാസില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
എൻ ആർ കോൺഗ്രസ് – ബി ജെ പി സഖ്യമാണ് പുതുച്ചേരിയിൽ ഭരണം നടത്തുന്നത്. ബി ജെ പിയിൽ നിന്ന് എ നമശിവായവും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബി ജെ പിക്ക് ഇത് വലിയ നേട്ടമാണ്. മുഖ്യമന്ത്രി രംഗസ്വാമിക്കൊപ്പം എൻ ആർ കോൺഗ്രസിൽ നിന്നുള്ള ഒരു മന്ത്രി കൂടി ഇന്ന് അധികാരമേറ്റു. 30 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയിൽ 18 എം എൽ എമാരുടെ പിന്തുണയാണ് എൻ ആർ കോൺഗ്രസ് – ബി ജെ പി സഖ്യത്തിനുള്ളത്. എൻ ആർ കോൺഗ്രസ് 12 സീറ്റും ബി ജെ പി നാല് സീറ്റുമാണ് വിജയിച്ചത്.
എ ഐ എ ഡി എം കെ, എൽ ജെ കെ എന്നിവർ ഓരോ സീറ്റ് വീതവും നേടി. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചതോടെയാണ് സഖ്യം സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. ഭരണപരമായ തീരുമാനങ്ങൾ വേഗത്തിലാക്കാനും പുതുച്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനും പുതിയ സർക്കാരിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

