✍️ ലിബി സി എസ്
ജാലിയൻവാലാബാഗ്, ലോകചരിത്രത്തിൽ സമാനതകളില്ലാത്ത സമരേതിഹാസം രചിച്ച മണ്ണാണത്. പേര് രേഖപ്പെടുത്തിയിട്ടില്ലാത്ത ആയിരങ്ങളുടെ ചോര പടർന്നൊഴുകിയ ആ ചുവന്നമണ്ണ്.
സിഡ്‌നി റൗലത്ത് അധ്യക്ഷനായ സമിതിയുടെ റിപ്പോർട് പ്രകാരം ഇന്ത്യയിലെ സമരപ്രവർത്തനങ്ങളെ അടിച്ചമർത്തുന്നതിനു വേണ്ടി 1919 മാർച്ചിൽ ഒരു നിയമം കൊണ്ടുവന്നു; അനാർക്കിക് ആൻഡ് റവലൂഷണറി ആക്ട്. റൗലത്ത് നിയമം എന്നറിയപ്പെട്ട ഈ നിയമം ഇന്ത്യയിലെ സ്വാതന്ത്യ സമരത്തെ ഏതുവിധേനയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയത്.
ഏതൊരു വ്യക്തിയെയും വിചാരണ കൂടാതെ അറസ്റ്റ് ചെയ്യാനും തടവിലാക്കാനും അധികാരമുള്ള ‘റൗലറ്റ് ആക്ട്’ കരിനിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി പഞ്ചാബിൽ പട്ടാള നിയമം ഏർപ്പെടുത്തി.
റൗലത്ത് നിയമത്തിനെതിരെ 1919 ഏപ്രിൽ ആറിന് രാജ്യവ്യാപകമായ ഹർത്താൽ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളിൽ പരക്കെ ആക്രമസംഭവങ്ങളും ഉണ്ടായി. ലാത്തിച്ചാർജിലും വെടിവയ്പിലും നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹർത്താലിനെ തുടർന്ന് പഞ്ചാബിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. പഞ്ചാബിൽ ദേശീയ പ്രസ്ഥാനത്തെ നയിച്ച ഡോ. സത്യപാലും ഡോ. സെയ്ഫുദ്ദീൻ കിച്ലുവും നാടുകടത്തപ്പെട്ടു. ഇതിനെതിരെ തടിച്ചുകൂടിയ പ്രതിഷേധക്കാരെ പൊലീസ് ഭീകരമായി ആക്രമിച്ചു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. ചിലർ വെടിയേറ്റ് മരിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം നടത്തിയ പ്രത്യാക്രമണത്തിൽ ചില ബ്രിട്ടീഷുകാരും കൊല്ലപ്പെട്ടു. ഈ സംഭവങ്ങളെ തുടർന്ന് ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ ക്രമസമാധാനപാലന ചുമതലയുള്ള ഉദ്യോഗസ്ഥനായി അമൃതസറിലെത്തി.
1919 ഏപ്രിൽ 13 ഞായർ വൈകുന്നേരം. ഇരുപതിനായിരത്തോളമാളുകൾ ജാലിയൻ വാലാബാഗിൽ എത്തിച്ചേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ അമൃതസറിൽ ഉണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഒത്തുചേരൽ. ഇന്നലെവരെ ഭയപ്പെടുത്തിയവരോട്, ജീവനും സ്വത്തും നഷ്ടപ്പെടുത്തിയവരോട് സന്ധിയില്ല എന്ന് പ്രഖ്യാപിക്കുന്നതിനായിരുന്നു യോഗം. തീർത്തും സമാധാനപരം. കൈക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധർവരെ ഒത്തുചേർന്നിരുന്നു. ജാലിയൻ വാലാബാഗിലെ മതിൽക്കെട്ടിനുള്ളിൽ ദേശസ്നേഹത്തിന്റെ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ച് ജനസാഗരം അലയടിച്ചു. സമയം അഞ്ചുമണി. ജനറൽ ഡയറും സംഘവും ജാലിയൻ വാലാബാഗിലെത്തി. മൈതാനത്തിന്റെ പ്രവേശനകവാടത്തിന് സമീപമുള്ള ഉയർന്ന തറയിൽനിന്നു. ഇരുവശത്തും ഇരുപത്തിയഞ്ച് വീതം പട്ടാളക്കാർ നിലയുറപ്പിച്ചു. ഒരു പ്രാദേശിക നേതാവ് പ്രസംഗിച്ചുകൊണ്ടിരുന്ന നിമിഷം ഒരു മുന്നറിയിപ്പുമില്ലാതെ വെടിവയ്പ്പ് ആരംഭിച്ചു. തുടർച്ചയായി പത്ത് മിനിറ്റ്. ആളുകൾ തിങ്ങി ഓടുന്ന പ്രദേശങ്ങളിലേക്ക് വെടിവയ്ക്കാൻ ജനറൽ ഡയർ നിർദേശം നൽകി. പുറത്തേക്ക് പോകാൻ കഴിയാതെ ചിതറി ഓടുന്ന മനുഷ്യരെ വെടിവെച്ചു വീഴ്ത്തി. നിമിഷങ്ങൾക്കകം മൈതാനം ശവക്കൂനകളാൽ നിറഞ്ഞു. വേദനകൊണ്ട് പിടഞ്ഞ ചിലർ, വെടിയേൽക്കാതിരിക്കാൻ ഗ്രൗണ്ടിനുള്ളിലെ കിണറിനുള്ളിലേക്ക് ചാടി. വെടിയുണ്ടകൾ തീർന്നതുകൊണ്ട് മാത്രം വെടിവയ്പ്പ് അവസാനിച്ചു. വെടിയേറ്റും തിക്കിലും തിരക്കിലും പെട്ടും നൂറുകണക്കിന് സാധാരണക്കാർ രക്തസാക്ഷികളായി.
379 പേർ മരിച്ചുവെന്ന് ബ്രിട്ടീഷ് സർക്കാർ പറഞ്ഞെങ്കിലും യഥാർത്ഥത്തിൽ മരണസംഖ്യ 1800 ൽ ഏറെയായിരുന്നു. കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ ‘സർ’ സ്ഥാനം ഉപേക്ഷിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ ‘ഹണ്ടർ’ കമീഷനെ നിമയിച്ചു.
ജാലിയൻവാലാബാഗ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് രണ്ട് ഡയർമാരായിരുന്നു. പട്ടാള മേധാവിയും വെടിവയ്പ്പിന് നേരിട്ട് നേതൃത്വം നൽകിയ റെജിനാൾസ് എഡ്വാർഡ് ഹാരി ഡയറും 1913 മുതൽ പഞ്ചാബ് ഗവർണറായിരുന്ന മൈക്കൽ ഒ ഡയറുമായിരുന്നു ഈ ക്രൂരന്മാർ. ഹണ്ടർ കമീഷൻ വിചാരണ വേളയിൽ എല്ലാവരെയും കൊല്ലാനാണ് താൻ ആഗ്രഹിച്ചതെന്നാണ് ജനറൽ ഡയർ വ്യക്തമാക്കിയത്.
പഞ്ചാബിലുൾപ്പെടെ രാജ്യത്താകമാനം ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയർന്നുവരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ രണ്ട് ഡയർമാരും ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഫലമായിരുന്നു കൂട്ടക്കരുതി. ഡയറിനെ ന്യായീകരിച്ച ഗവർണർ ഡയർ സംഭവത്തെ ജനങ്ങളുടെ അനാവശ്യ ലഹളായി ചിത്രീകരിച്ചു. ജനറൽ ഡയർ ഭരണകൂടത്തിന്റെ ചട്ടുകമായിരുന്നുവെന്നും സൂത്രധാരൻ ഗവർണർ ഡയർ തന്നെയായിരുന്നുവെന്നും കരുതുന്നവരുമുണ്ട്.
പഞ്ചാബിനെ രക്തത്തിൽ കുളിപ്പിച്ച ഈ നരാധമനെ 1940 മാർച്ച് 13ാം തീയതി ഗദ്ദർ പാർട്ടിയുടെയും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെയും പ്രവർത്തകനായിരുന്ന ഉധം സിങ് ലണ്ടൻ നഗരത്തിൽ എത്തി വെടിവെച്ച് കൊന്നു.
1919 ഏപ്രില്‍ 13ന് അമൃത്‍സറിലെ ജാലിയന്‍വാലാ ബാഗ് മൈതാനത്ത് ജനറല്‍ റെജിനാൾഡ് ഡയറിന്‍റെ നേതൃത്വത്തിലുള്ള പട്ടാളം നടത്തിയ കൂട്ടക്കുരുതിക്ക് ഉധം സിങ്ങും സാക്ഷിയായിരുന്നു. അവിടെ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വെള്ളം കൊടുക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. തന്‍റെ നാട്ടുകാര്‍ കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്നത് കണ്ട അദ്ദേഹം ആ ക്രൂരകൃത്യത്തിന് പ്രതികാരം ചെയ്യണമെന്നുറച്ചു.
പിന്നീട് ഭഗത് സിങ്ങിന്‍റെ ആശയങ്ങളില്‍ ആകൃഷ്‍ടനായ ഉധം സിങ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ സജീവ പങ്കാളിയായി. അപ്പോളും ജാലിയന്‍വാലാ ബാഗില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പകരം ചോദിക്കണമെന്ന ചിന്ത ഒരു കനലായി അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടായിരുന്നു. 1934ല്‍ ലണ്ടിനിലെത്തിയ ഉധം മൈക്കിള്‍ ഒ ഡ്വയറിനെ വധിക്കാനായി അവസരം കാത്തിരുന്നു. ഒടുവില്‍ 1940 മാര്‍ച്ച് 13ന് ഇംഗ്ലണ്ടിലെ കാക്സ്റ്റണ്‍ ഹാളില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഡ്വയറിനെ ഉധം തന്‍റെ തോക്കുകൊണ്ട് വെടിവെച്ചു വീഴ്ത്തി. ഡ്വയര്‍ തല്‍ക്ഷണം മരിച്ചു.
സംഭവസ്ഥലത്തുിന്ന് രക്ഷപെടാന്‍ ശ്രമിക്കാതിരുന്ന ഉധം സിങ്ങിനെ പോലീസ് പിടികൂടി. വിചാരണ വേളയിലും അദ്ദേഹം കുറ്റം നിഷേധിച്ചില്ല. ഒടുവില്‍ കോടതി അദ്ദേഹത്തെ വധശിക്ഷയ്‍ക്കു വിധിച്ചു. അതേ വര്‍ഷം 1940- ജൂലൈ 31ന് അദ്ദേഹത്തെ ഇംഗ്ലണ്ടിലെ പെന്റാൺവില്ലെ ജയിലിൽവച്ച് തൂക്കിലേറ്റി.
അറസ്റ്റിലായതിനെ തുടർന്ന്, കോടതിയിലെ വിചാരണയിൽ പേരെന്താണെന്ന ചോദ്യത്തിന് ‘റാം മുഹമ്മദ് സിങ് ആസാദ്’ എന്ന് മറുപടി കൊടുത്തത് ഭരണാധികാരികളെ സ്തംബ്ധരാക്കി. മതത്തിന്റെ പേരിൽ ഇന്ത്യയെ തമ്മിലടിപ്പിച്ചിരുന്ന ബ്രിട്ടീഷ് കുതന്തങ്ങൾക്കും അതിന്റെ പേരിൽ രാജ്യത്ത് പരസ്പരം കലഹിച്ചിരുന്ന മതഭ്രാന്തന്മാർക്കുമുള്ള മറുപടിയുമായിരുന്നു മതസൗഹാർദ്ദത്തെ സൂചിപ്പിക്കുന്ന ഉധം സിങിന്റെ ഈ മറുപടി.
ഇംഗ്ലണ്ടിലെ കോടതിയില്‍ തനിക്കെതിരായ വിചാരണ നടക്കുമ്പോള്‍ ആ യുവാവ് ജഡ്‍ജിമാരെ നോക്കി പൊട്ടിച്ചിരിച്ചു. തന്‍റെ മനസിന് സമനില തെറ്റിയിരിക്കുകയാണെന്നു വാദിച്ച് കേസില്‍നിന്ന് രക്ഷിക്കാന്‍ ഡിഫന്‍സ് വക്കീലന്മാര്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം തിരുത്തി, “ഞാൻ ഉത്തമ ബോധ്യത്തോടുകൂടിയാണിത് ചെയ്‍തത്…. എൻെറ രാജ്യത്തിനുവേണ്ടി മരിക്കാൻ ഞാൻ തയ്യാറാണ്.” 1940 ജൂലൈ 31ന് ഇംഗ്ലണ്ടിലെ പെന്‍റോൺവില്ലെ ജലിയിലില്‍, ഒരു ചെറു പുഞ്ചിരിയോടെ ഷഹീദ് ഉധം സിങ് കൊലമരത്തിലേക്ക് നടന്നുപോയി.
വിചാരണ വേളയിൽ ഉധം സിങ് ഉപയോഗിച്ച രാം മുഹമ്മദ് സിംഗ് ആസാദ് എന്ന പേര് ഇന്ത്യയിലെ മൂന്ന് പ്രധാന മതങ്ങളെയും കൊളോണിയൽ വിരുദ്ധ വികാരത്തെയും പ്രതിനിധീകരിക്കുന്ന ഈ നാമം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ സർവ്വമത ഐക്യത്തിന്റെ പ്രതീകമാണ്.
ജാലിയൻവാലബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം പഞ്ചാബിലെ സമര നായകൻ ഡോ. സെയ്ഫുദ്ദീൻ കിച്ലു ഭഗത് സിങിനൊപ്പം നവജാവാൻ ഭാരത് സഭ സ്ഥാപിക്കുകയും പിൽക്കാലത്ത് ഇന്ത്യയുടെ വിഭജനത്തെ എതിർത്ത് പ്രവർത്തിക്കുകയും ചെയ്തു.
എപ്രിൽ 13 ബൈശാഖി ആയിരുന്നെന്നും, ആ ഉത്സവത്തിനു തടിച്ചുകൂടിയവരെ ആയിരുന്നു ബ്രിട്ടീഷ് പട്ടാളം വെടിവച്ച് കൊന്നതെന്നും ആണ് ഇപ്പോൾ സംഘപരിവാറുകാർ വാദമുയർത്തുന്നത്.
ചരിത്രപ്രാധാന്യമുള്ള ജാലിൻവാലബാഗ് സ്മാരകം മോദി സർക്കാർ നവീകരിച്ച് പുതുക്കി പണിതപ്പോൾ അതിന്റെ ചരിത്രപരമായ അടയാളങ്ങൾ മായ്ച്ചു കളഞ്ഞ് മനോഹര ഉദ്യാനമാക്കി മാറ്റി. ഫൗണ്ടനുകളും വാട്ടർ ബോഡികളും ലൈറ്റ് ആൻഡ് സൗണ്ട് ഷൊയും ഒക്കെയുണ്ട് ഇപ്പോൾ അവിടെ.
മതപരമായ വിഭജനങ്ങൾ ഇന്ത്യയിൽ സ്വാഭാവികമായി കൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത് ചരിത്ര സത്യങ്ങളെ ഇല്ലായ്മചെയ്ത് വ്യാജ ചരിത്രം പാഠപുസ്തകങ്ങളാക്കിക്കൊണ്ടിരിക്കുമ്പോൾ യഥാർത്ഥ ചരിത്രവസ്തുതകൾ ഓർമ്മിക്കപ്പെടേണ്ടതാണ്.

