Fri. May 15th, 2026

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന നിതീഷ് തിവാരിയുടെ ‘രാമായണ’യെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും വിവാദങ്ങളും കൊഴുക്കുന്നു. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 875 കോടി രൂപയുടെ മുതൽമുടക്കിലാണ് നിർമ്മിക്കുന്നത്. എന്നാൽ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപേ സോഷ്യൽ മീഡിയയിൽ താരങ്ങൾക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്.

ഹിന്ദി അറിയാത്തെ സായ് പല്ലവിയെ എന്തിനാണ് നിതീഷ് തിവാരി രാമായണയിൽ കാസ്റ്റ് ചെയ്തത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നത്. എന്നാൽ അഭിനയത്തിന് ഭാഷയല്ല പ്രധാനം എന്ന് ചൂണ്ടിക്കാട്ടി നടിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. നേരത്തെ, മാംസാഹാരം കഴിക്കുന്ന രൺബീർ കപൂറിനെ രാമനായി അഭിനയിപ്പിക്കരുതെന്ന തരത്തിലുള്ള അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കന്നഡ താരം യഷ് രാവണനായും സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.

ഓസ്‌കാർ ജേതാവ് എ.ആർ. റഹ്‌മാനും ലോകപ്രശസ്ത സംഗീതജ്ഞൻ ഹാൻസ് സിമ്മറും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നമിത മൽഹോത്ര നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്രീധർ രാഘവനും നിതീഷ് തിവാരിയും ചേർന്നാണ്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യഭാഗം ഈ വർഷം ദീപാവലിക്ക് തീയറ്ററുകളിൽ എത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *