Sun. Apr 12th, 2026

✍️ ലിബി സി എസ്

മലയാള ഭാഷയുടെ ഉല്പത്തി മുതൽ പരിഗണനാർഹമായ എല്ലാ വിഷയങ്ങളും വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് “കേരള സാഹിത്യ ചരിത്രം”. ആധുനിക മലയാള കവിത്ര ങ്ങളിൽ ഒരാളായ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ പുസ്തകം രചിച്ചത്. ഏഴു വാല്യങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകം പിന്നീട് കേരള സർവ്വകലാശാല അദ്ദേഹത്തിൻറെ മരണശേഷം ഒരുവർഷം കഴിഞ്ഞ് ഒന്നാം ചരമ വാർഷികത്തിൽ (1950-ൽ) അഞ്ചു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു.

കുമാരൻ ആശാൻ ‘കേരള സാഹിത്യ ചരിത്ര’ത്തിലേക്ക് തൻറെ ബയോഡാറ്റ അയക്കുകയും അത് നിരസിക്കുകയും ആശാൻ ഉള്ളൂരിനെ ചീത്തവിളിക്കുകയും വെല്ലുവിളിക്കുകയും ഒക്കെ ചെയ്ത സംഭവം 1940- സെപ്റ്റംബർ 7 ലെ മിതവാദിയിൽ ഉള്ളൂർ തന്നെ എഴുതിയിരുന്നു.

എസ്എൻഡിപി യോഗം രൂപംകൊള്ളുന്നതിനും വീണപൂവ് ഒക്കെ പുറത്തുവരുന്നതിനും മുൻപാണ് ഉള്ളൂർ സാഹിത്യ ചിരിത്രം ഏഴുതി തുടങ്ങിയത്. ഔദ്യോഗിക ജീവിതത്തിൻ്റെ തിരക്കിനിടയിൽ ഇതിനായി തിരുവന്തോരത്തെ ഒരു ശൂദ്ര സഹായിയേയും അദ്ദേഹം നിയമിച്ചിരുന്നു.

മലയാളത്തിലെ കവികളും എഴുത്തുകാരും അവരുടെ കൃതികളും ബയോഡേറ്റയും കൃതികളുടെ വിവരങ്ങളും അവയുടെ കോപ്പികളും അയച്ചു തരണമെന്നും ഉള്ളൂർ പത്രങ്ങളിൽ പരസ്യം ചെയ്തിരുന്നു. കുമാരൻ ആശാന് അന്ന് ആ പേര് കിട്ടിയിട്ടില്ല. കുമാരു എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. നിത്യചൈതന്യ യതി പറയുംപോലെ കുമാരൻ ആശാൻ എന്നപേര് അദ്ദേഹത്തിന് കിട്ടിയത് കുടിപ്പള്ളിക്കൂടത്തിൽ പഠിപ്പിച്ചതുകൊണ്ട് അല്ല എന്ന വാദം ശരിവെക്കുന്നതാണ് ഉള്ളൂരിൻറെ ഈ സ്റ്റേറ്റ്മെന്റും.

1903ൽ എസ്എൻഡിപി രൂപീകരണത്തിനായി അരുവിപ്പുറത്തെ പ്ലാവിൻ ചുവട്ടിൽ കൂടിയ യോഗത്തിലാണ് വാസ്തവത്തിൽ കുമാരു കുമാരൻ ആശാൻ ആകുന്നതെന്നും, അത് നാരായണഗുരു തൻറെ സ്വതസിദ്ധമായ ശൈലിയിൽ തമാശ രൂപേണ കുമാരുവിനെ പരിഹസിച്ചു വിളിച്ചതാണെന്നുമാണ് നടരാജ ഗുരുവു തന്നോട് പറഞ്ഞിട്ടുള്ളതെന്ന് യതി എഴുതിയിട്ടുണ്ട്.

അരുവിപ്പുറത്തെ സംഘടനാ രൂപീകരണ യോഗത്തിൽ കുമാരു തയ്യാറാക്കിക്കൊണ്ടുവന്നിട്ടുള്ളതായി ഡോ.പൽപ്പു അറിയിച്ച ബയല വായിക്കുമ്പോഴാണ് ഈ വിളി ഉണ്ടായതെന്നാണ് നടരാജഗുരു പറയുന്നത്.

ആദ്യം തന്നെ ‘ഈ സംഘടനയുടെ പേര് ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്നായിരിക്കുമെന്നും, ശ്രീനാരയണഗുരു ഈ സംഘടനയുടെ ആയുഷ്‌കാല പ്രസിഡണ്ട് ആയിരിക്കുമെന്നു’മുള്ള ഭാഗം വായിക്കുമ്പോഴേ ഗുരു എതിർപ്പ് പ്രകടിപ്പിക്കുമെന്നും തൻ്റെ പേര് ഉപയോഗിക്കേണ്ട എന്ന് പറഞ്ഞിരുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്. അവസാനം എല്ലാവരുടെയും സ്‌നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി തൻറെ പേര് ദുരുപയോഗം ചെയ്യാൻ ഗുരു സമ്മതിക്കുകയായിരുന്നു എന്നാണ് നടരാജഗുരു യതിയോട് വെളിപ്പെടുത്തുന്നത്. വാസ്തവത്തിൽ ആ പേര് തന്നെയാണ് ഈ സംഘടനയെ വളർത്തിയത്.

തുടർന്ന് “ഈ സംഘടന ‘ഈഴവ, തീയ, ബില്ലവ വിഭാഗങ്ങളുടെ…….’ എന്ന ഭാഗം വായിക്കുമ്പോഴും നാരയണഗുരു ഉടക്കുമെന്നും, “അങ്ങിനെ വേണോ?” എന്ന് ഗുരു ചോദിക്കുമ്പോൾ “വേണം” എന്നുതന്നെ കുമാരു തറപ്പിച്ചു പറയുമെന്നും, ഇതുകേട്ട ഗുരു ‘കൊള്ളാമല്ലോ, നമ്മെ ഗുരു എന്ന് വിളിക്കുകയും നമ്മോട് ഗുരുവിനെപ്പോലെ പെരുമാറുകയുമാണല്ലോ ചെയുന്നത് ആശാനേ!?’ എന്ന് നർമ്മം കലർത്തി പരിഹാസരൂപേണ വിളിച്ചതാണെന്നും അന്നു മുതലാണ് ഗുരു കുമാരുവിനെ ആശാനേ എന്ന് വിളിച്ചു തുടങ്ങിയതെന്നും ആ വിളി ചിരിച്ചുകൊണ്ടായതിനാൽ ട്രോളിയതാണെന്നു മനസിലാക്കാതെ മറ്റുള്ളവരും ഏറ്റുവിളിക്കുകയും അത് വൈറൽ ആകുകയും ചെയ്തതോടെ ആശാൻ പിന്നീട് ആ പേരിൽ തന്നെ കവിതകൾ എഴുതാൻ തുടങ്ങിയതായും ആണ് യതി സൂചിപ്പിച്ചിട്ടുള്ളത്.

അത് ശരിയായാലും തെറ്റ് ആയാലും എസ്എൻഡിപി രൂപീകരണത്തിനും വീണപൂവ് പുറത്തുവരുന്നതിനും എന്തിന് സംസ്കൃത വിദ്യാഭ്യാസത്തിനായി ഗുരു ബെംഗളൂരുവിലും കൊൽക്കൊത്തയിലും വിടുന്ന കാര്യം പോലും ആലോചിക്കുന്നതിനുമൊക്കെ മുൻപാണ് ഉള്ളൂർ മിതവാദി ലേഖനത്തിൽ പറയുന്ന സംഭവം നടക്കുന്നത്.

സുബ്രഹ്മണ്യശതകം പോലുള്ള ഒന്നു രണ്ട് ബാല്യകാല കൃതികൾ മാത്രമേ അക്കാലത്ത് കുമാരൻ ആശാൻ എഴുതിയിട്ടുണ്ടായിരുന്നുള്ളൂ . അവയും അതുവരെയുള്ള അദ്ദേഹത്തിൻ്റെ ജീവചരിത്രവും എഴുതി കുമാരു പത്രപരസ്യം കണ്ടതനുസരിച്ച് ഉള്ളൂരിന് അയച്ചുകൊടുത്തു.

എന്നാൽ ഉള്ളൂർ അറിയാതെ ഉള്ളൂരിൻറെ ശൂദ്രസഹായി അതെല്ലാം എടുത്ത് ചവറ്റുകുട്ടയിലിട്ടു. എന്നിട്ട് ഇങ്ങനെ ഒരു മറുപടി അയച്ചു. “ഇമ്മാതിരിയുള്ള പൊട്ടക്കവികളുടെ ജീവചരിത്രം ചേർക്കാനായിട്ടല്ല ഭാഷാ ചരിത്രം രചിക്കുന്നത്.”

മറുപടി കത്തുവായിച്ച് ദേഷ്യം വന്ന ആശാൻ മടക്കത്തപാലിൽത്തന്നെ ഉള്ളൂരിനു തക്ക മറുപടി നൽകി.- “……എന്നെ പൊട്ടക്കവി എന്നു വിളിച്ച നിങ്ങളെക്കൊണ്ടു തന്നെ ഒരിക്കൽ എന്നെ മഹാകവി എന്നു വിളിപ്പിക്കും.”

യഥാർത്ഥത്തിൽ ഈ വിവരങ്ങൾ താൻ അറിയുന്നത് ആശാൻ്റെ ക്ഷോഭിച്ചുള്ള കത്തു കിട്ടിയ ശേഷമാണ് എന്നും യുവകവികളെ പ്രോത്സാഹിപ്പിച്ചിരുന്ന താൻ ആശാൻ്റെ ജീവചരിത്രക്കുറിപ്പ് അന്നേ സമുചിതമായി സാഹിത്യ ചരിത്രത്തിൽ ചേർത്തിരുന്നു എന്നും ആ ശൂദ്ര സഹായിയെ ശാസിക്കുകയും ചെയ്തു എന്നും ആണ് ഉള്ളൂർ തന്നെ മിതവാദിയിൽ കുറിച്ചിട്ടുള്ളത്. ഇതുപോലെ ചില സഹായിമാരൊക്കെ ഇപ്പോഴും ഉണ്ട്. അതുകൊണ്ടാണ് മൂലൂരിൻറെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ധീകരിച്ചപ്പോൾ ചേർത്തലയിലെ സഹോദര സംഘത്തിൻറെ ആവശ്യപ്രകാരം മൂലൂർ എഴുതിയ 32 വരികൾ ഉള്ള ‘സാഹോദര്യം’. എന്ന കവിതയിൽനിന്നും 12 വരികൾ കാണാതെപോയത്. “കണ്ടോ വേമ്പനാട്ടുകായൽ തന്നിൽ മുങ്ങിമരിക്കാനു-മിണ്ടൻ തുരുത്തിതൻ ചീട്ടുകിട്ടണം പോലും !” തുടങ്ങിയ 12 വരികളാണ് കാണാതെപോയതെന്നതിനാൽ കട്ടത് ആരായിരിക്കുമെന്ന് ഊഹിക്കാമല്ലോ?

എന്തയാലും തെറ്റിദ്ധരിച്ചാണെങ്കിലും ആശാൻ ഉള്ളൂരിനെ വെല്ലുവിളിച്ചതുപോലെ തന്നെ സംഭവിച്ചു. ആശാൻ മഹാകവി ആയി. ഉള്ളൂരിനൊപ്പം ആധുനീക കവിത്രയങ്ങളിൽ ഒരാളുമായി. എങ്കിലും ”ഒരു കവി എന്ന നിലയിൽ ആശാൻ ഒരു വിജയവും ശ്രീനാരയണഗുരുവിൻറെ ശിഷ്യൻ എന്ന നിലയിൽ ആശാൻ ഒരു പരാജയവുമായിരുന്നു,” എന്ന യതിയുടെ വിലയിരുത്തൽ ഏതാണ്ട് ശരിയാണ്. അദ്ദേഹം ഒരു ശ്രീനാരയണ ഭക്തശിരോമണി മാത്രമായിരുന്നു.

1903 ലെ അതെ നിലപാടുകൾ തന്നെയാണ് 1917 ൽ മിശ്രഭോജനത്തിന്റെ പേരിൽ സമുദായ ഭ്രഷ്ട് കൽപ്പിച്ച സഹോദരൻ അയ്യപ്പനെതിരെ എരിതീയിൽ എണ്ണയൊഴിക്കുംപോലെ വിവേകോദയത്തിൽ എഡിറ്റോറിയൽ എഴുതുമ്പോഴും ആശാൻ പുലർത്തിയിരുന്നത്.

പിന്നീട് മരിക്കുന്നതിന് മുൻപ് എസ്എന്ഡിപിയോഗത്തിൻറെ വാർഷിക സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തുകൊണ്ട് നടത്തിയ അവസാന പ്രസംഗം സഹോദരൻ അയ്യപ്പനെ വാനോളം പുകഴ്ത്തിക്കൊണ്ടായിരുന്നെങ്കിലും അവിടെയും പറയുന്നത്‌ “….ശ്രീനാരയണനെ പ്രസവിച്ച സമുദായത്തിന് മാത്രമേ ഇത്തരത്തിലൊരു സിംഹള സിംഹത്തിന് ജൻമരുളാൻ കഴിയൂ.” എന്നാണ്.

അതായത് അയ്യപ്പൻ ഇങ്ങനൊക്കെ ആയതും ശ്രീനാരയണഗുരു ഇങ്ങനൊക്കെ ആയതും എന്തുകൊണ്ടാണ്?
അത് അയ്യപ്പൻറെ ഗുണവുമല്ല, ശ്രീനാരയണഗുരുവിൻറെ ഗുണവുമല്ല, ഈഴവ സമുദായത്തിൻറെ ഗുണമാണത്രെ! വേറൊരു സമുദായത്തിനും അയ്യപ്പനെ പ്രസവിക്കാൻ കഴിയുകയുമില്ലത്രേ!

താൻ സ്വയം ഈഴവരിലെ ഉപജാതി വിഭാഗത്തിലെ ഉന്നതരെന്ന് ധരിക്കുന്നവരാൽ തന്നെ അവഹേളിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആശാൻ അവസാനം വരെ അരുവിപ്പുറത്ത് പറഞ്ഞ ‘ഈഴവ, തീയ, ബില്ലവ …. വേണം.’ എന്നിടത്തു തന്നെ ആയിരുന്നു.

അതായത് നല്ല ഒന്നാംതരം ശ്രീനാരയണ ഭക്തനായ ഈഴവൻ! ശ്രീനാരയണ ശിഷ്യൻ അല്ല! ഗുരു ആയി കണ്ടാൽ ശിഷ്യൻ ആകുകയും അതനുസരിച്ചു ജീവിക്കുകയും വേണമല്ലോ? അതുകൊണ്ട് അദ്ദേഹം ഗുരുവിനെ ജീവിച്ചിരിക്കുമ്പോൾ തന്നെ പരദൈവമായി കണ്ട് കോലോത്തുകരയിൽ ഗുരു മണ്ഡപം ഉണ്ടാക്കി ഗുരുവിന്റെ ചിത്രം വെച്ച് മണിയടിച്ചു പൂജയും തുടങ്ങി! കേരളത്തിലെ ഗുരുമണ്ഡപങ്ങളിലെ ആദ്യ പൂജാരിയുമായി!

ഏപ്രിൽ 12: മഹാകവി കുമാരൻ ആശാൻറെ 153 ആം ജന്മദിനം

Leave a Reply

Your email address will not be published. Required fields are marked *