Tue. Apr 7th, 2026

✍️ സുരേഷ്. സി ആർ

”ഞാനെനിക്ക് പേരിട്ടില്ല.
എന്തുകൊണ്ടെന്നാൽ ഞാൻ എന്നെ വിളിക്കാറില്ല”.

അർത്ഥസമ്പുഷ്ടമായ കുറുങ്കവിതകളിലൂടെ മലയാള കാവ്യരംഗത്തു വേറിട്ടൊരു ശൈലി അവതരിപ്പിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും മനം കവർന്ന കേരളത്തിന്റെ കണ്ണിലുണ്ണിയായിരുന്നു കുഞ്ഞുണ്ണിമാഷ്‌(1927 – 2006). ആകാശം, സമുദ്രം, പർവതം, ആന തുടങ്ങിയ വലിപ്പമുള്ള രൂപങ്ങൾ അദ്ദേഹത്തിന്റെ കുഞ്ഞിക്കവിതയിൽ എപ്പോഴും സ്ഥാനം പിടിച്ചു.

തൃശൂർ ജില്ലയിലെ പള്ളിപ്രം ഗ്രാമത്തിൽ (വലപ്പാട്‌) ജനനം. പാലക്കാട്‌ അധ്യാപക പരിശീലനം കഴിഞ്ഞ്‌ 1949-ൽ ചേളാരി ഹൈസ്കൂളിൽ അധ്യാപകനായി. രാമനാട്ടുകരയിൽ അധ്യാപകനായിരിക്കെ വിദ്വാൻ പരീക്ഷ പാസ്സായി. 1953 മുതൽ 1982 വരെ കോഴിക്കോട്‌ രാമകൃഷ്ണ മിഷൻ സ്കൂളിൽ അധ്യാപകൻ. 1982-ൽ വിരമിച്ചതിനു ശേഷം സാഹിത്യരചനയിൽ മുഴുകി.

കുഞ്ചൻ നമ്പ്യാരുടെ ഭാഷാ ശൈലിയെ ആരാധിച്ചിരുന്ന അദ്ദേഹം തന്റെ രചനകളിലും, ഭാഷാശുദ്ധി പാലിക്കുവാൻ ശ്രദ്ധിച്ചിരുന്നു. പ്രൈമറി വിദ്യാഭ്യാസ കാലത്ത് തന്നെ തുള്ളൽക്കഥകൾ എഴുതി. പിൽകാലത്ത് കവിതകളിലേക്ക് തന്റെ രചനയെ വ്യാപിപ്പിച്ചു. ആദ്യകാല കവിതകൾ ദൈർഘ്യമുള്ളവയായിരുന്നു.

കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്നത്‌ കേരളം സ്വീകരിച്ച ഒരു സുന്ദരോക്തിയാണ്‌. കുട്ടികളുടെ സാംസ്കാരികാഭിവൃദ്ധിയിലൂടെ മാത്രമേ സമൂഹ നന്മയിലേക്ക്‌ നയിക്കാനാവൂ എന്നു ചിന്തിച്ചിരുന്ന മാഷ്‌, അവർക്കുവേണ്ടി നിരവധി പുസ്തകങ്ങൾ രചിച്ചു. കുട്ടികൾക്കുവേണ്ടി ഒരു മലയാള നിഘണ്ടു തന്നെ അദ്ദേഹം തയ്യാറാക്കി.

കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഫലിതം തുളുമ്പുന്ന കുട്ടിക്കവിതകൾ, കടങ്കഥകൾ, വാങ്മയരേഖാചിത്രങ്ങൾ, ആപ്തവാക്യതുല്യമായ ഈരടികൾ, കൊച്ചുകഥകൾ, നാടകങ്ങൾ എന്നിവയുടെ സമാഹാരങ്ങളായി കുഞ്ഞുണ്ണിയുടെ കവിതകൾ, കുട്ടിക്കവിതകൾ, നോൺസെൻസ്‌ കവിതകൾ, വിത്തും മുത്തും, പുലിവാല്‌ തുടങ്ങി വിവിധ ശാഖകളിലായി ഒട്ടനവധി കൃതികൾ എഴുതി.

ഇവയ്ക്ക്‌ പുറമെ ഓണപ്പാട്ടുകൾ, ഇരുന്നൂറ്‌ കടങ്കഥകൾ, പഴഞ്ചൊല്ലുകൾ (2400 എണ്ണം) എന്നിവ സമ്പാദനം ചെയ്തു. ശ്രീരാമകൃഷ്ണ പരമഹംസരുടെ അമൃതകഥകൾ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

1974-ലും 1984-ലും കേരള സാഹിത്യ അക്കാദമി അവാർഡ്, 1982-ൽ സംസ്ഥാന ബാലസാഹിത്യ അവാർഡ് എന്നിവ ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുൻനിർത്തി കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും 1988-ലും 2002-ലും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമായ ‘എന്നിലൂടെ‘ ആത്മകഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *