✍️ സുരേഷ്. സി ആർ
മലബാറിൽ വിപ്ലവം സൃഷ്ടിച്ച ഒട്ടേറെ തീപ്പൊരി നാടകങ്ങളുടെ രചയിതാവാണ് കെ.ടി.മുഹമ്മദ് (1929 – 2008). മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ ആഞ്ഞടിച്ച “ഇത് ഭുമിയാണ്”എന്ന നാടകത്തിന്റെ രചയിതാവാണ്. സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.
മഞ്ചേരിയിലാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിൽ ജോലി ചെയ്തു. 1952 ല്‍ ആള്‍ ഇന്ത്യ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ കണ്ണുകള്‍ എന്ന രചനയ്ക്ക് ഒന്നാം സമ്മാനം കരസ്ഥമാക്കി.
കെ ടിയും ബാബുരാജും കോഴിക്കോട് അബ്ദുൾഖാദറുമൊക്കെ പ്രവർത്തകരായി 1948 ൽ കോഴിക്കോട്ട് രൂപംകൊണ്ട ബ്രദേഴ്സ് മ്യൂസിക് ക്ളബിന്റെ വാർഷികത്തിന് 1950-ൽ അവതരിപ്പിച്ച ‘ഊരുംപേരു’മാണ് ആദ്യമായി അരങ്ങുകണ്ട കെ.ടിയുടെ നാടകം. കബീർദാസ് എന്നപേരിലായിരുന്നു നാടകം എഴുതിയത്. ‘വെളിച്ചം വിളക്കന്വേഷിക്കുന്നു’ എന്ന പേരിൽ മാറ്റിയെഴുതിയാണ് പിന്നീടത് അവതരിപ്പിച്ചതും പുസ്തകമാക്കിയതും. തൊട്ടടുത്തവർഷം ‘അവർ തീരുമാനിക്കുന്നു’ എന്ന നാടകം എഴുതി.
1952ൽ കോഴിക്കോട് ടൗൺഹാളിൽ അവതരിപ്പിച്ച ‘മനുഷ്യൻ കാരാഗൃഹത്തിലാണ്’ എന്ന നാടകമാണ് നാടകകൃത്തെന്ന നിലയിൽ കെ.ടിക്ക് പ്രതിഷ്ഠനേടിക്കൊടുത്തത്. കെപിഎസിക്കുവേണ്ടി ജീവപര്യന്തം, സൂത്രധാരൻ, പെൻഡുലം തുടങ്ങിയവയും കൊല്ലം കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി കടല്‍പാലം, സംഗമം (അഛനും ബാപ്പയും), മുത്തുച്ചിപ്പി, സ്വന്തം ലേഖകൻ തുടങ്ങിയ നാടകങ്ങളും എഴുതി.
കറവറ്റപശു, ഞാൻ പേടിക്കുന്നു, ഉറങ്ങാൻ വൈകിയരാത്രികൾ, ചുവന്ന ഘടികാരം, പുതിയ വീട്, താക്കോലുകൾ, രാത്രിവണ്ടികൾ, ഓപ്പറേഷൻ തിയറ്റർ, കടല്‍പ്പാലം, കളിത്തോക്ക് എന്നിങ്ങനെ നിരവധി നാടകങ്ങൾ എഴുതി. 1963-ൽ ‘കാഫർ’ എഴുതിയശേഷം നാടകരംഗത്തു നിന്നു വിട്ടു നിന്നു.
രാജ്‌ഭവൻ, പ്രവാഹം, തുറക്കാത്തവാതിൽ, തീക്കനൽ, ദൈവശാസ്ത്രം എന്നിവ കെടിയുടെ മറ്റുപ്രമുഖ കൃതികളിൽപ്പെടുന്നു. ചിരിക്കുന്ന കത്തി, ശബ്ദങ്ങളുടെ ലോകം, കളിയും കാര്യവും എന്നീ കഥാസമാഹാരങ്ങളും മാംസപുഷ്പങ്ങൾ, കാറ്റ് എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെ പി ഉമ്മർ, നെല്ലിക്കോട് ഭാസ്കരൻ, കുതിരവട്ടം പപ്പു, ശാന്താദേവി, വിക്രമൻനായർ എന്നിങ്ങനെ നിരവധി കലാകാരന്‍മാരെ രംഗത്ത് കൊണ്ടുവന്നത് കെ ടിയാണ്.
മലയാളത്തിലെ ആദ്യ വർണ്ണചിത്രമായ കണ്ടം ബെച്ച കോട്ട് അടക്കം ഇരുപതിലേറെ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. 1969-ൽ, കടൽപാലം എന്ന ചിത്രത്തിലൂടെ തിരക്കഥയിൽ മലയാളത്തിലെ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
1986 ൽ സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ചു. കേരള സംഗീത നാടക അക്കാഡമിയുടെയും കേരള ചലച്ചിത്ര വികസന കോർപറേഷന്റെയും ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.

