കൊച്ചി: കെട്ടിട നിർമ്മാണ മേഖലയിൽ സ്ത്രീ തൊഴിലാളികൾ പൈലിംഗ് കാലം മുതൽ ജോലിചെയ്യുന്നു ണ്ടെങ്കിലും അവർക്ക് പ്രാഥമീക കർമ്മങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും പല കൺസ്ട്രക്ഷൻ സൈറ്റുകളിലും ഇല്ലെന്നും സ്ത്രീകളിൽ പലരും ഷുഗർ ഉൾപ്പെടെ പല അസുഖങ്ങൾ ഉള്ളവരാണെന്നും, പാവപ്പെട്ട ഗർഭിണികളായ സ്ത്രീകൾ ഉൾപ്പെടെ നിർമ്മാണ മേഖലയിൽ ജോലിചെയ്യുന്നുണ്ടെന്നും എത്ര മൂത്രശങ്ക അനുഭവപ്പെട്ടാലും പിടിച്ചുവെക്കുകയോ ഏതെങ്കിലും പൊന്തക്കാടിൻറെ മറവിലോ ഒക്കെ കാര്യം സാധിക്കേണ്ട ഗതികേടാണെന്നും കെട്ടിട നിർമ്മാണത്തിന് പെർമിഷൻ കൊടുക്കുമ്പോൾ വർക്ക് സൈറ്റുകളിൽ താത്കാലിക ടോയ്‌ലറ്റ് സംവിധാനം ഉറപ്പാക്കിവേണം നൽകാനെന്നും കാണിച്ച് ആലപ്പുഴ സ്വദേശികളായ രണ്ട് നിർമ്മാണ തൊഴിലാളി സ്ത്രീകൾ കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വേറെ നോർത്ത് പറവൂർ ഉള്ള മറ്റൊരു സ്ത്രീയും ആദ്യം പറവൂർ കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
ആ പാവം പിടിച്ച നിർമ്മാണ തൊഴിലാളി സ്ത്രീകൾ മറ്റു ചില സ്ത്രീ തൊഴിലാളികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഇതിനകം വലിയൊരു തുക വക്കീലിന് കൊടുത്തുകഴിഞ്ഞു ഇതുവരെ കേസിൻറെ കാര്യത്തിൽ തീരുമാനം ആയിട്ടുമില്ല. അതിനാൽ ഈ വിഷയം ചൂണ്ടിക്കാട്ടി നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് വർക്ക് സൈറ്റുകളിൽ മല മൂത്ര വിസർജനത്തിന് താത്കാലികമായ ടോയിലെറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം എന്നും കെട്ടിട നിർമ്മാണത്തിന് പെർമിഷൻ കൊടുക്കുമ്പോൾ വർക്ക് സൈറ്റുകളിൽ താത്കാലിക ടോയ്‌ലറ്റ് സംവിധാനം ഉറപ്പാക്കിവേണം നൽകാനെന്നുവ്യവസ്ഥ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പലരും തൊഴിൽ വകുപ്പ് മന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പിനും എല്ലാം പരാതി നൽകിയിരുന്നു എങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
വെറും പതിനായിരം രൂപയിൽ താഴെ മാത്രം ചിലവാക്കിയാൽ താത്കാലിക ടോയിലെറ്റുകൾ സ്ഥാപിക്കാമെന്നിരിക്കെയാണ് പാവപ്പെട്ട അസംഘടിത മേഖലയിലെ തൊഴിലാളികളെ ഇതുപോലെ പ്രാഥമീക മനുഷ്യാവകാശങ്ങൾ പോലും നിഷേധിച്ചുകൊണ്ട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്നത്.
സമയത്ത് മൂത്രമൊഴിക്കാതെ പിടിച്ച് വയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഒരു മനുഷ്യന്റെ മൂത്രസഞ്ചിയില്‍ പരമാവധി അരലിറ്റര്‍ മൂത്രമാണ് പിടിച്ചു വയ്ക്കാന്‍ സാധിക്കുക. അതു മറികടന്നാലാണ് മൂത്രശങ്ക അനുഭവപ്പെടുക.
ശരീരം സിഗ്നൽ കൊടുത്തിട്ടും മൂത്രമൊഴിക്കാൻ തയ്യാറാവാതിരിക്കുമ്പോൾ ചെറിയ തോതിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവും. എന്നാൽ ടോയിലറ്റ് സംവിധാനം ഇല്ലാത്തതിനാൽ സ്ത്രീ തൊഴിലാളികൾ ദീർഘനേരം മൂത്രമൊഴിക്കാതെ പിടിച്ചിരിക്കും. അങ്ങനെ വരുമ്പോൾ മൂത്രസഞ്ചിയിൽ മൂത്രത്തിന്റെ അളവ് കൂടിക്കൂടി വരും. പിന്നീട് ശരീരം തന്നെ അല്പാല്പമായി മൂത്രം പുറന്തള്ളാൻ തുടങ്ങും. മൂത്രം കെട്ടിക്കിടന്നാൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇ കോളി പോലുള്ള ബാക്ടീരിയകൾ ഉണ്ടാകാം. അണുബാധ കടുത്ത അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നതാണ്. ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ ഗുരുതരപ്രശ്നങ്ങളുണ്ടാക്കാം. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ് സ്‌ത്രീകളില്‍ മൂത്രാശയ അണുബാധയ്‌ക്കു കാരണമാകുന്നത്.
മിക്ക സ്ത്രീ തൊഴിലാളികളിലും കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തിൽ അണുബാധ അല്ലെങ്കില്‍ യുറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് യൂറിനറി ഇന്‍ഫെക്ഷന്‍ കൂടുതലായി കണ്ട് വരുന്നത്. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ് സ്‌ത്രീകളില്‍ മൂത്രാശയ അണുബാധയ്‌ക്ക് കാരണമാകുന്നത്.
അടിവയറ്റില്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക ഇവയൊക്കെയാണ് യൂറിനറി ഇൻഫെക്ഷന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് ശരിയായ സമയത്ത് ചികിത്സിക്കാതെയിരുന്നാല്‍ വൃക്കകളെ പോലും ഗുരുതരമായി ബാധിക്കാനിടയുണ്ട്.
തൊഴിലാളികളുടെ പ്രാഥമീക കർമ്മങ്ങൾക്ക് സൗകര്യം ഉണ്ടാക്കി അവരുടെ ആരോഗ്യരക്ഷയ്ക്കുവേണ്ടി താൽക്കാലിക ശുചിമുറി എല്ലാ കെട്ടിട നിർമ്മാണ സ്ഥലത്തും നിർബന്ധമായി സ്ഥാപിക്കുകയും ശുചിമുറി സൗകര്യമില്ലാതെ കെട്ടിട നിർമ്മാണ അനുമതി നൽകാതിരിക്കുകയും ചെയ്ത് ഇത് നിയമം മൂലം നടപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ മുൻകൈ എടുക്കണം.
തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ മുൻ ജീവനക്കാരൻ കെ. ജി. ഫ്രാൻസിസ് ആന്റണി വളരെ കുറഞ്ഞ ചിലവിൽ വെറും 10000 രൂപയ്ക്ക് വർക്ക് സൈറ്റുകളിൽ ഉപയോഗിക്കാവുന്ന ഒരു ടോയിലറ്റ് രൂപകൽപ്പന ചെയ്തിരുന്നു.
ഇതേക്കുറിച്ചു കെ. ജി. ഫ്രാൻസിസ് ആന്റണി പറയുന്നത് ഇങ്ങനെയാണ്: “കെട്ടിട നിർമ്മാണം തുടങ്ങുമ്പോൾ, തൊഴിലാളികൾക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ പുണ്ണ്യകർമ്മം. അവർക്കു വേണ്ടി ഒരു താൽക്കാലിക ശുചിമുറി ഒരുക്കി നൽകുക എന്നതാണ്. വളരെ കുറഞ്ഞ സ്ഥല സൗകര്യത്തിൽ നിർമ്മിക്കാം. 7 അടി ഉയരത്തിൽ ചതുരാ ക്രിതിയിൽ സാധാരണ ഒരു ചെറിയ ശുചിമുറിയുടെ അളവിൽ കനം കുറഞ്ഞ സ്ക്വയർ M.S Tube കളിൽ ഫ്രെയിം തീർത്ത്, സ്വകാര്യതയ്ക്ക് ഭംഗം വരാത്ത വിധം സുഗമമായ വായുസഞ്ചാരം ഉറപ്പാക്കി ഫ്രെയിം നു ചുറ്റും പാർട്ടിഷ്യൻ ഷീറ്റുകൾ മറച്ച് മുൻഭാഗത്തായി അടച്ചുറപ്പുള്ള ഒരു വാതിലും ഘടിപ്പിക്കുക. വിസർജ്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാവുന്നതിനായി താൽക്കാലിക ടാങ്കുകളും ഒപ്പം സ്ഥാപിക്കുക. ജല ഉപയോഗത്തിനായി ശുചിമുറിയിൽ വാട്ടർ കണക്ഷനും നൽകുക. വളരെ കുറഞ്ഞ ചിലവിൽ എളുപ്പം നിർമ്മിക്കാവുന്നതും, ആവശ്യശേഷം എളുപ്പം അഴിച്ചുമാറ്റാവുന്നതുമാണ്. തൊഴിലാളികളുടെ ശുചിത്വ ആവശ്യങ്ങൾ നിറവേറ്റി ആരോഗ്യരക്ഷയ്ക്കുപകരിക്കുന്ന ഇത്തരം താൽക്കാലിക ശുചിമുറി എല്ലാ കെട്ടിട നിർമ്മാണ സ്ഥലത്തും നിർബന്ധമായി സ്ഥാപിക്കേണ്ടതാണെന്നാണ് ഞങ്ങളുടെ പക്ഷം. ശുചിമുറി സൗകര്യമില്ലാതെ കെട്ടിട നിർമ്മാണ അനുമതി നൽകരുത്. ഇത് നിയമം മൂലം നടപ്പാക്കിയാൽ എല്ലാ തൊഴിലാളികൾക്കും ഏറെ സഹായകരമാകും, നല്ലൊരു തൊഴിൽ സംസ്കാരം പടുത്തുയർത്തുകയും ചെയ്യാം.”
എന്തയാലും 10,000 രൂപയ്ക്ക് പരിഹാരം ഉണ്ടാക്കാവുന്ന ഈ വിഷയത്തിന് ആ പാവം പിടിച്ച നിർമ്മാണ തൊഴിലാളി സ്ത്രീ മറ്റു ചില സ്ത്രീ തൊഴിലാളികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ഇതിനകം 35,000 രൂപ വക്കീലിന് കൊടുത്തുകഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതുവരെ മൂത്രം ഒഴിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടുമില്ല! ഇങ്ങനെയാണ് നമ്മുടെ നിയമ സംവിധാനത്തിൽ നിന്നും പാവപ്പെട്ടവന് നീതി ലഭിക്കാനുള്ള അവസ്ഥ.
(തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ മുൻ ജീവനക്കാരനാണ് കെ. ജി. ഫ്രാൻസിസ് ആന്റണി. ഫോൺ: 7907301713)

