✍️ ലിബി.സി.എസ്
നിരർത്ഥകമായ ജാതിബോധത്തിനും അയിത്താചരണത്തിനും എതിരെയുണ്ടായ ആദ്യത്തെ സാഹ്യത്യ വിസ്ഫോടനമാണ് പണ്ഡിറ്റ് കറുപ്പന്റെ ‘ജാതികുമ്മി’ എന്ന കൃതി. “എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ?” എന്ന് ചോദിക്കുന്ന ആശാന്റെ ദുരവസ്ഥ പുറത്തു വരുന്നതിനു ഒരു ദശാബ്ദം മുൻപ് പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്.
”നാട്ടിൻ ഗുണത്തിന്നു നമ്പൂരിമാർ
വിട്ടുകളയണം തീണ്ടിച്ചട്ടം
കേട്ടവർ കേട്ടവർ പിന്നെയീയാചാരം
തോട്ടിലെറിഞ്ഞീടും യോഗപ്പെണ്ണേ!”– (ജാതിക്കുമ്മിയിൽനിന്ന്).
ജാതിയുടെ നിരര്‍ഥകതയെ ചോദ്യംചെയ്യുന്ന മലയാളത്തിലെ ആദികാവ്യം ഒരുപക്ഷേ, കറുപ്പന്റെ “ജാതിക്കുമ്മി’യായിരിക്കാം. പാടത്ത് പണിയെടുക്കുന്നവരുടെയും മീന്‍ പിടിക്കുന്നവരുടെയും ചുമടു ചുമക്കുന്നവരുടെയും നിലം ഉഴുന്നവരുടെയും ഉണര്‍ത്തുപാട്ടായി ജാതിക്കുമ്മി മാറി.
വിദ്യാഭ്യാസം പോലുമില്ലാത്ത അവർണർ ജാതിക്കുമ്മി ഹൃദിസ്ഥമാക്കുകയും വീടുകളിൽ സന്ധ്യാനാമം പോലെ ചൊല്ലാറുണ്ടായിരുന്നെന്നുള്ളതും ആ കൃതിക്ക് ജനങ്ങൾ നൽകിയ സ്വീകാര്യത വ്യക്തമാക്കുന്നതാണ്. 1905-ലാണ് ‘ജാതിക്കുമ്മി’ രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912-ലാണ്. അയിത്ത ചിന്തയെ വെല്ലുവിളിച്ച അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത് ‘പതിതരുടെ ജിഹ്വ’ എന്നാണ്. അയിത്തം കൊടികുത്തി വാഴുന്ന കാലത്ത്, താഴ്‌ന്ന ജാതിക്കാർ സവർണനിൽ നിന്ന് ഇത്ര അടി അകലത്തിൽ നിൽക്കണമെന്ന് കർശന നിയമമുള്ളപ്പോഴാണ് അതിനെ നേരിട്ട് കറുപ്പൻ മാസ്റ്റർ രംഗത്തു വന്നത്.
ജാതിക്കുമ്മിക്കുശേഷം എഴുതിയ ‘ബാലകലേശം’ എന്ന നാടകവും ഈ സാമൂഹ്യദൗത്യം നിറവേറ്റുന്നതായിരുന്നു. ഇതൊരു നാടകമല്ലേ എന്നേ ഇന്നുള്ളവര്‍ക്ക് തോന്നുകയുളളൂ. അതേ; അതൊരു നാടകം തന്നെയായിരുന്നു. പുലയരെ കൊച്ചി നഗരത്തിലൂടെ നടത്താന്‍ കറുപ്പന്‍ മാസ്റ്റര്‍ മെനഞ്ഞെടുത്തൊരു നാടകം. ഏറെ വിവാദമുണ്ടാക്കിയ കൃതിയാണ് കറുപ്പന്റെ “ബാലാകലേശം’. സംസ്കൃത നാടകസങ്കേതങ്ങളെ അപ്പാടെ പരിപാലിച്ചുകൊണ്ടോ ആധുനിക നാടകരൂപസങ്കല്‍പ്പങ്ങളെ സ്വാംശീകരിച്ചുകൊണ്ടോ അല്ലാതെ നാടകരൂപത്തിലെഴുതിയ കൃതിയാണ് “ബാലാകലേശം’.
കൊച്ചി രാജ്യഭരണ പരിഷ്കാരങ്ങളാണ് നാടകത്തിലെ പ്രതിപാദ്യവിഷയം. നമ്പൂതിരി, നായര്‍, ഈഴവന്‍, പുലയന്‍ എന്നീ ജാതിക്കാര്‍ കഥാപാത്രങ്ങളായിവരുന്നു. കാലത്തിനൊത്ത മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നവരും കാലത്തിന്റെ മാറ്റത്തെ ചെറുത്തുനില്‍ക്കുന്ന മറുപക്ഷവുമാണ് നാടകത്തിലെ മുഹൂര്‍ത്തങ്ങള്‍. കൊച്ചാലു എന്ന പുലയന്‍ തീണ്ടല്‍ അസംബന്ധമാണെന്ന് ഉയര്‍ന്ന ജാതിക്കാരുടെ മുഖത്തുനോക്കി ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്ന കൃതിയാണ് ഇത്. ക്ഷുഭിതരായ സവര്‍ണര്‍ കൊച്ചാലുവിനെ മതാചാരലംഘനത്തിന്റെപേരില്‍ വളഞ്ഞിട്ടുതല്ലി. പുലയനെ തല്ലിയവരെ വധശിക്ഷയ്ക്കും നാടുകടത്തലിനും വിധിക്കുന്നുവെന്നത് ഈ നാടകത്തിന്റെ സവിശേഷതയാണ്.
കൊച്ചിരാജാവിന്റെ കീഴിലുള്ള സർക്കാർ സർവീസിൽ ജോലിയിലിരിക്കെ എഴുതിയ “ബാലാകലേശം” വായിച്ചശേഷം ഡോ. പല്‍പു ചോദിച്ചത് ‘’ഇതെഴുതിയതിനുശേഷവും നിങ്ങളെ സർവീസിൽ വച്ചുകൊണ്ടിരുന്നോ?’ എന്നാണ്.
ചാതുർവർണ്യത്തിന്റെ പേരിൽ പുലയൻ അനുഭവിക്കുന്ന യാതനകളും രാജഭരണത്തിന്റെ നീതിന്യായ വ്യവസ്ഥിതികളെയും ചോദ്യംചെയ്യുന്നതായിരുന്നു നാടകം. ലോകത്തിൽ ശാന്തിയും സമാധാനവും പുലരണമെങ്കിൽ ബ്രാഹ്മണനേയും പശുക്കളേയും പൂജിക്കണമെന്ന ധർമ്മം നിലനിന്ന കാലത്ത് അതിന് വിപരീതമായി കറുപ്പൻ തെറ്റു ചെയ്തു; ബ്രാഹ്മണന് തന്റെ കഥയിൽ വധശിക്ഷ നൽകി. ജാതിവ്യവസ്ഥയെ രൂക്ഷമായി വിമർശിച്ച ഈ കൃതിയെ സുരേഷ്ഗോപിയുടെ മുൻ തലമുറക്കാരനായ മറ്റൊരു തിരുവന്തോരം ചൂദ്രൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമർശിച്ചത് കറുപ്പന്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു.
കറുപ്പന്റെ നാടകത്തിലെ ആ നമ്പൂതിരിയെ വധശിക്ഷയ്ക്കു വിധിക്കുന്ന ഒരു രംഗം ഒരു വലിയ സാമൂഹ്യ തിന്മയായി രാമകൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു. എന്തു തെറ്റു ചെയ്താലും ഒരു ബ്രാഹ്മണനെ വധശിക്ഷയ്ക്ക് വിധിച്ചുകൂടാ എന്നാണ് ‘മനുസ്മൃതി’ അനുശാസിക്കുന്നത്. ബ്രാഹ്മണന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ നാടുകടത്തലാണ്.ഒരു രാജാവിന്റെ രാജ്യത്ത് നിന്ന് മറ്റൊരു രാജാവിന്റെ രാജ്യത്തേക്ക് അയയ്ക്കുക എന്നതുമാത്രം. ഒരു ബ്രാഹ്മണനെ സൽക്കരിക്കാനുള്ള അവസരം ലഭിക്കുക എന്നത് ഒരു രാജാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി കരുതിയിരുന്ന കാലത്ത് ഒരു ബ്രാഹ്മണൻ തെറ്റു ചെയ്താൽ അയാളെ ഒരു പുതിയ രാജാവിന്റെ സൽക്കാരത്തിന് പറഞ്ഞു വിടുക എന്നതായിരുന്നു ശിക്ഷ.
ലോകത്തിൽ ശാന്തിയും സമാധാനവും പുലരണമെങ്കിൽ ബ്രാഹ്മണനേയും പശുക്കളേയും പൂജിക്കണമെന്ന ധർമ്മം നിലനിന്ന കാലമാണത്. അതിന് വിപരീതമായി കറുപ്പൻ തെറ്റു ചെയ്തു; ബ്രാഹ്മണന് തന്റെ കഥയിൽ വധശിക്ഷ നൽകി അതാണ് ബാലാകലേശം എന്ന നാടകത്തിൽ ബിപ്ലവകാരി രാമകൃഷ്ണപിള്ള കണ്ടു പിടിച്ച ഒരു വലിയതെറ്റ്. ബ്രാഹ്മണനെ കൊന്നതിൽ കലിപൂണ്ട പിള്ള ’ബാലാ കലേശം’ എന്ന അതിന്റെ പേര് അദ്ദേഹത്തിന്റെ സമുദായത്തെ ചേർത്താക്ഷേപിച്ച് ‘വാലാകലേശം’ എന്നാക്കിമാറ്റി.
‘ബാലാകലേശം’ എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ കറുപ്പൻ ‘വാല’ (മുക്കുവ) സമുദായത്തിൽപ്പെട്ട ആളാണ് എന്നും വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത് ‘എന്ന് ചോദിക്കുകയും കറുപ്പൻ്റെ കവിതകൾക്കൊക്കെ മീൻമണക്കുന്നു എന്ന് പരിഹസിക്കുകയും ചെയ്തയാളാണ് ഈ മഹാൻ. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ച് ചരിത്രത്തില്‍ തന്റേതായ ഇടം നേടിയ മഹാത്മാവാണ് പണ്ഡിറ്റ് കറുപ്പന്‍ (1888-1938)
.
കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കായല്‍സമ്മേളനത്തിന് നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനാണ്. അധഃകൃതര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രതിഷേധമായിരുന്നു 1913 ഏപ്രില്‍ 21ാം തിയ്യതിയിലെ കായല്‍സമ്മേളനം. എറണാകുളം നഗരത്തിലെവിടെയെങ്കിലും സ്ഥലം കണ്ടെത്താനായിരുന്നു സംഘാടകരുടെ തീരുമാനം. പക്ഷേ, സ്ഥലം നല്‍കാന്‍ ആരും തയ്യാറായില്ല. സര്‍ക്കാര്‍ഭൂമിയില്‍ തൊട്ടുകൂടാത്തവരെ യോഗം ചേരാന്‍ മഹാരാജാവ് അനുവദിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വേദി കായലിലേക്കു മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ആലോചനകള്‍ക്കു ശേഷം അറബിക്കടലും കൊച്ചിക്കായലും ചേരുന്ന പ്രദേശം തിരഞ്ഞെടുത്തു. മീന്‍പിടിത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകെട്ടിയും വള്ളങ്ങള്‍ കൂട്ടിക്കെട്ടിയും നിരപ്പായ ഒരു പ്രതലം ഉണ്ടാക്കി. അതിനു മുകളില്‍ പലക വിരിച്ചതോടെ വേദി തയ്യാറായി. ചെറുചെറു വള്ളങ്ങളിലാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കൊണ്ടുവന്നത്. കൃഷ്ണാദി ആശാനെപ്പോലുള്ള നേതാക്കള്‍ കറുപ്പന്‍ മാഷോടൊപ്പം കൈമെയ് മറന്നു നിന്നപ്പോള്‍ സമ്മേളനം വൻ വിജയമായി. ലോകചരിത്രത്തില്‍ മറ്റൊരിടത്തും ഇതുപോലൊരു സംഭവം ഇന്നോളം നടന്നിട്ടില്ല. ഈ കായല്‍ നടുവിലെ സമ്മേളനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് പിന്നീട് സമസ്ത കൊച്ചി പുലയമഹാസഭ രൂപം കൊണ്ടത്.
പ്രസിദ്ധമായ ‘കായൽ സമ്മേളന’ത്തിനുശേഷം അധികം വൈകാതെ എറണാകുളം നഗരത്തില്‍ താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാത്തതിനെതിരേ രണ്ടാമതൊരു ജലാശയസമരം കൂടി നടത്താന്‍ കറുപ്പന്‍ തീരുമാനിച്ചിരുന്നു. ഇന്നത്തെ സുഭാഷ് പാർക്കിൽ ഒരു കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ മഹാരാജാവും ദിവാനായിരുന്ന ഡബ്ല്യു.ജെ.ഭോർ ഉം വരുമെന്ന വിവരം മനസ്സിലാക്കിയ പണ്ഡിറ്റ് കറുപ്പനും കൂട്ടാളികളും വള്ളങ്ങളുമായി കായലിലെത്തി. രാജാവും ദിവാനും വന്നതോടെ പോരാളികള്‍ ചെണ്ടകൊട്ടി അവരുടെ ശ്രദ്ധക്ഷണിക്കാന്‍ ശ്രമിച്ചു. പ്രക്ഷോഭകര്‍ വിചാരിച്ചതു പോലെത്തന്നെ കാര്യങ്ങള്‍ നീങ്ങി. സമരത്തിനു നേതൃത്വം കൊടുത്ത കറുപ്പനെ ആളയച്ചു വരുത്തി.
ഡബ്ല്യു.ജെ.ഭോർ സംബന്ധിച്ചിരുന്ന യോഗത്തിൽ. കറുപ്പൻ മാസ്റ്റർ തന്റെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: ”പ്രദര്‍ശനത്തിന് വെച്ചിട്ടുള്ള വിളകൾ ഉണ്ടാക്കിയവർക്ക് പ്രദർശനം കാണുന്നതിനും സന്തോഷിക്കുന്നതിനും അവസരമില്ല.” ഇതുകേട്ട സായ്പ് കാര്യങ്ങൾ അന്വേഷിച്ചു. “അവർക്ക് ഈ കരയിൽ കാലുകുത്തുന്നതിന് അവകാശമില്ല;” കറുപ്പന്‍ മാസ്റ്റർ വിശദീകരിച്ചു. “ഇത് അനീതിയാണ്. അവരെങ്ങാനും ഇവിടെ ഉണ്ടെങ്കിൽ പ്രദർശനസ്ഥലത്തേക്ക് വരട്ടെ;” സായ്പ് കൽപ്പിച്ചു. കറുപ്പൻ മാസ്റ്റർ അവരോട് (പുലയരോട്) പ്രദർശനവേദിയിലേക്ക് കടന്നുവരാൻ നിർദ്ദേശിച്ചു. അവർ വന്നു. പ്രദർശനം കണ്ട് സന്തുഷ്ടരായി മടങ്ങിപ്പോയി. കൊച്ചി നഗരത്തിൽ പുലയരുടെ കാല് ആദ്യമായി പതിഞ്ഞത് അന്നായിരുന്നു. അത് ഹിന്ദുവിൻറെ സനാതന ബോധം കൊണ്ട് ലഭിച്ചതല്ല. കുറച്ചുകൂടി സംസ്കാരമുള്ള സായ്‌പിന്റെ മനുഷ്യത്വം കൊണ്ടായിരുന്നു. വൈകാതെ രാജാവ് താഴ്ന്ന ജാതിക്കാര്‍ക്ക് പട്ടണത്തില്‍ പ്രവേശിക്കാമെന്ന വിളംബരം പുറപ്പെടുവിച്ചു.
ഇതുതന്നെയാണ് ഗുരുവും പറഞ്ഞത് ‘നമുക്ക് സന്യാസം സാധ്യമാക്കിയത് ഹിന്ദുവിൻറെ സനാതന ബോധംകൊണ്ടല്ല ബ്രിട്ടീഷ് ഭരണമാണ്. അവരാണ് നമ്മുടെ ഗുരു! ഇല്ലെങ്കിൽ ശംബൂകൻറെ ഗതിയാകുമായിരുന്നില്ലേ നമുക്കും?…’ എന്ന്.
അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പന്‍ ഫിഷറീസ് വകുപ്പില്‍ ഗുമസ്തനായി, പ്രാഥമിക വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയുടെ കണ്‍വീനറായി, കൊച്ചിഭാഷാ പരിഷ്‌കരണ കമ്മിറ്റിയുടെ സെക്രട്ടറിയായി, നാട്ടുഭാഷാ സൂപ്രണ്ടായി. അധഃകൃതരുടെ വിദ്യാഭ്യാസത്തിന്റെ ചുമതലയും മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ പൗരസ്ത്യ ഭാഷാപരീക്ഷാ ബോര്‍ഡ് മെംബറായും അതിന്റെ ചെയര്‍മാനായും അവസാനം എറണാകുളം മഹാരാജാസ് കോളജില്‍ മലയാളം ലക്ചററായും സേവനമനുഷ്ഠിച്ചു. കൊച്ചി നിയമസഭാ സമാജികനുമായിരുന്നു. 1938 മാര്‍ച്ച് 23ന് 53ാമത്തെ വയസ്സില്‍ അന്തരിച്ചു.
സഹോദരൻ അയ്യപ്പന് മുൻപ് സ്വന്തം സമുദായത്തേക്കാള്‍ മറ്റുള്ള സമുദായക്കാരുടെ ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത കൊച്ചിക്കാരൻ കറുപ്പന്‍ മാഷാണ്. ‘മറ്റ് നവോത്ഥാന നായകന്മാരെല്ലാവരും അവരവരുടെ സമുദായത്തിന്റെ സംഘടനകള്‍ ഉണ്ടാക്കുകയും അതത് സമുദായങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ആണ് ചെയ്‌തെങ്കില്‍ തന്റെ സമുദായത്തിലും താഴ്ന്നവര്‍ എന്നു കരുതപ്പെട്ടിരുന്ന സമുദായങ്ങള്‍ക്കു സംഘടന ഉണ്ടാക്കുകയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം നയിക്കുകയും ചെയ്ത ആദ്യ നവോത്ഥാന നായകന്‍ പണ്ഡിറ്റ് കറുപ്പനാണ്.
കണ്ടത്തിപ്പറമ്പില്‍ അത്തോപൂജാരിയുടെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മെയ് 24ാം തിയ്യതി എറണാകുളത്ത് ചേരാനല്ലൂരിലാണ് കറുപ്പന്‍ ജനിച്ചത്. മല്‍സ്യബന്ധനം തൊഴിലാക്കിയ ധീവര(വാല) സമുദായക്കാരായിരുന്നു മാതാപിതാക്കള്‍.
പ്രധാന കൃതികൾ: ജാതിക്കുമ്മി, ശ്രീനാരായണഗുരുവിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷാവസരത്തില്‍ എഴുതി സമര്‍പ്പിച്ച ‘ശ്രീനാരായണഗുരു’, സ്തോത്രങ്ങള്‍, ലഘുകവിതകള്‍, ഖണ്ഡകൃതികള്‍, ചരമഗീതങ്ങള്‍, നിയമസഭാപ്രസംഗങ്ങള്‍, ആചാരഭൂഷണം, ബാലാകലേശം, ‘പ്രഭാതഗീതം’, ‘മനീഷാസംബോധനം’.

