Tue. Apr 7th, 2026

ന്യൂഡൽഹി: ഇന്ത്യ തടഞ്ഞുവെച്ചിരിക്കുന്ന മൂന്ന് ടാങ്കറുകൾ വിട്ടുനൽകിയാൽ പകരം ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത യാത്ര ഉറപ്പാക്കാമെന്ന് ഇറാൻ നിർദേശിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. അസ്ഫാൽറ്റ് സ്റ്റാർ, അൽ ജാഫ്‌സിയ, സ്റ്റെല്ലാർ റൂബി എന്നീ മൂന്ന് ടാങ്കറുകൾ രേഖകളിൽ കൃത്രിമം കാണിച്ചതിനും നിയമവിരുദ്ധ ചരക്ക് കൈമാറ്റത്തിനും ഇന്ത്യ പിടിച്ചെടുത്തിരുന്നു. എന്നാൽ ഇവ ഇറാന്റെ ഉടമസ്ഥതയിലുള്ളവയല്ലെന്നും നിലവിൽ മുംബൈ തീരത്താണുള്ളതെന്നും അദ്ദേഹം അറിയിച്ചു.

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനായി ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ തുടരുകയാണ്. സംഘർഷങ്ങൾക്കിടയിലും ‘നന്ദാദേവി’ എന്ന എൽപിജി വാഹിനിക്കപ്പൽ ഗുജറാത്തിലെ വാഡിനാർ തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു. ‘ശിവാലിക്’ എന്ന കപ്പലും കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. നിലവിൽ 22 ഇന്ത്യൻ കപ്പലുകൾ കൂടി 611 ജീവനക്കാരുമായി ഗൾഫ് മേഖലയിൽ ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *