ചേർത്തല: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സച്ചിദാനന്ദ സ്വാമിക്ക് മഠാധിപതി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹം സ്വേച്ഛാധിപത്യപരമായാണ് പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥികളുടെ പേര് ശുപാർശ ചെയ്തതിനെ വെള്ളാപ്പള്ളി രൂക്ഷമായി പരിഹസിച്ചു. “സ്ഥാനാർത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദൻ ആരാണ്? അദ്ദേഹം ഒരു പമ്പര വിഡ്ഢിയാണ്. ശിവഗിരി മഠം പോലൊരു പവിത്രമായ സ്ഥാനത്തിരുന്ന് ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടുണ്ടോ?” എന്ന് വെള്ളാപ്പള്ളി ചോദിച്ചു. സ്ഥാനാർത്ഥികളുടെ പേര് നൽകിയത് സ്വാമി സ്വന്തം നിലയിലാണെന്ന് മഠം സെക്രട്ടറി തന്നെ വ്യക്തമാക്കിയ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ‘സച്ചിദാനന്ദൻ പറഞ്ഞാൽ ആരും വോട്ട് ചെയ്യാൻ പോകുന്നില്ലെന്നും ‘അല്പൻ’ ആയ അദ്ദേഹം മഠത്തിന് തന്നെ നാണക്കേടാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയത് സച്ചിതാനന്ദ രംഗത്ത് വന്നിരുന്നു. ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളില്‍ നിന്ന് പിന്നോക്കം പോകുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഇതിനെതിരെയാണ് ഇപ്പോൾ വെള്ളാപ്പള്ളി രംഗത്ത് വന്നിട്ടുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ലെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തിയിരുന്നു. തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. കെ കരുണാകരന്‍, എ കെ ആന്റണി എന്നിവരുടെ കാലത്ത് ഇങ്ങനെയല്ലായിരുന്നു. എല്‍ഡിഎഫിലും സ്ഥിതി സമാനമാണ്, എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഒരു സമുദായത്തില്‍പ്പെട്ട പത്തുപേരുണ്ട്. പിന്നാക്കക്കാരില്ലെന്നും സ്വാമി സച്ചിദാനന്ദ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിറക്കിയത്. 29 വര്‍ഷങ്ങള്‍ക്കുശേഷമാണ് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതി ഉത്തരവിലൂടെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് അയോഗ്യനാകുന്നത്.

