✍️ സുരേഷ്. സി ആർ
മലയാള നാടകരംഗത്തും സിനിമാരംഗത്തും ഒട്ടേറെ നിത്യഹരിതവും ചിരസ്മരണീയങ്ങളുമായ ഗാനങ്ങളുടെ ശിൽപ്പിയാണ് ദേവരാജൻ മാസ്റ്റർ (1925 – 2006). പ്രശസ്ത കവികളുടെ ഗാനങ്ങൾ വശ്യമായ ഈണത്തിലൂടെ അവതരിപ്പിച്ചതാണ് ദേവരാജന്റ പ്രത്യേകത. ഗാനത്തിന്റെ സാഹിത്യമർമ്മം അറിഞ്ഞ് ഈണം പകരുന്ന സംഗീതജ്ഞൻ എന്ന ഖ്യാതി അദ്ദേഹം വ്യത്യസ്തങ്ങളായ ഈണങ്ങൾ കൊണ്ട് മലയാള ഗാനശാഖയെ സമ്പന്നമാക്കി.
ജനപക്ഷഭാവം നിറഞ്ഞതും വിപ്ലവാവേശം തുളുമ്പി നിൽക്കുന്നതുമായ അനേകം ഗാനങ്ങളുടെ ശിൽപ്പിയുമാണ്. കൊല്ലം ജില്ലിയിലെ പരവൂരിൽ ആണ് ജനിച്ചത്.18ാം വയസ്സ് മുതൽ ക്ലാസിക്കൽ സംഗീതത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കേരള പീപ്പിൾസ് ആർട്ട്‌സ് ക്ലബ് (K P A C) എന്ന നാടക സംഘത്തിൽ അംഗമായി അനേകനാടകങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചേർന്നു നില്‍ക്കുന്ന കവിയായിരുന്ന ഒഎൻവിയുടെ ‘പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ’യാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയ നാടകഗാനം.
1955 ൽ ‘കാലം മാറുന്നു എന്ന ചിത്രത്തിൽ വയലാറിന്റെ ഗാനത്തിനാണ് ആദ്യമായി സംഗീതം ചെയ്തത്. പിന്നീട് വയലാർ രാമവർമ്മയ്‌ക്കൊപ്പം നിരവധി ഗാനങ്ങൾ ചെയ്തു. ദേവരാജൻ-വയലാർ ജോഡിയുടെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിന്‍റെ സുവർണ കാലഘട്ടം കൂടിയാണ്. മലയാള സിനിമയിലെ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ച കവി ദേവരാജനായിരുന്നു.
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സന്യാസിനിനിൻ പുണ്യാശ്രമത്തിൽ, സംഗമം ത്രിവേണീ സംഗമം, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, അരികിൽ നീയുണ്ടായിരുന്നെങ്കിൽ, ഭൂമിയെ സ്നേഹിച്ച, റംസാനിലെ ചന്ദ്രികയോ തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ ഇന്നും മലയാളികൾ നെഞ്ചോടു ചേർത്തുപാടുന്നു.
കേരള സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് അഞ്ച് തവണ കരസ്ഥമാക്കിയിട്ടുണ്ട്. മലയാള സിനിമകൾക്കും ഇരുപതോളം തമിഴ് ചിത്രങ്ങൾക്കും 4 കന്നഡ ചിത്രങ്ങൾക്കുമടക്കം മുന്നൂറോളം സിനിമകൾ സംഗീതം പകർന്നു.

