Tue. Apr 7th, 2026

✍️ സുരേഷ്. സി ആർ

“ഒരു ഭൗതികപ്രപഞ്ചത്തെക്കുറിച്ച് ശാസ്ത്രത്തിന് ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങളൊന്നുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.”– സ്റ്റീഫൻ ഹോക്കിങ്

ആൽബർട്ട് ഐൻസ്റ്റീനു ശേഷം ഏറ്റവും പ്രഗൽഭമായ മസ്തിഷ്കത്തിന്റെ ഉടമയെന്ന് വിശേഷിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞനാണ് സ്റ്റീഫൻ ഹോക്കിങ് (l942 – 2018) . അറുപത് വർഷത്തോളം ശരീരം തളർന്ന് വീൽ ചെയറിൽ കഴിഞ്ഞ അദ്ദേഹം ആ അവസ്ഥയിൽ ജീവിച്ചാണ് ശാസ്ത്ര സംഭാവനകൾ ഏറെയും നല്‍കിയത്. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടതാണ്‌.

ഭൂഗുരുത്വം, പ്രപഞ്ച ഘടന, ക്വാണ്ടം തിയറി, തെർമോഡൈനാമിക്സ് തുടങ്ങി വ്യത്യസ്ത ധ്രുവങ്ങളിൽ നിലനിന്നിരുന്ന ശാസ്ത്രശാഖകളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങൾ. 1979 മുതൽ മുപ്പത് വർഷക്കാലം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിച്ചിട്ടുണ്ട്. ഐസക് ന്യൂട്ടൻ വഹിച്ചിരുന്ന പദവിയാണത്.

‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന ശാസ്ത്രഗ്രന്ഥത്തിലൂടെയാണ് ലോകപ്രശസ്തനായത്. പ്രപഞ്ചശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം, തമോഗർത്തം തുടങ്ങിയവ, സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.

ഓക്സ്ഫോർഡിലാണ്‌ ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ.17-ാം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. 1991-ൽ അവർ വിവാഹമോചനം നേടി.

സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിൻസിന്റെ മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്. അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീന്റെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ​പിണ്ഡം​,​ ചാർജ്ജ്​,​കോണീയസംവേഗബലം എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ. ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള​തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ‘തിയറി ഓഫ് ഓഫ് എവരിതിങ്’ എന്ന പേരിൽ പ്രപഞ്ചത്തിന്റെ ഉൽപത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു. നാസയുടെ 50-ാം വാർഷികപ്രഭാഷണം.

1973-ൽ ആദ്യ അക്കാദമിക് ബുക്ക് ‘ദ ലാർജ് സ്കെയിൽ സ്ട്രക്ച്ചർ ഓഫ് സ്പേസ്’ പുറത്തിറക്കി. 1974-ൽ തമോഗർത്തങ്ങൾ ശൂന്യമല്ലെന്ന നിഗമനത്തിലൂടെ ശാസ്ത്രലോകത്തെ അദ്ദേഹം ഞെട്ടിച്ചു. തമോഗർത്തങ്ങൾക്ക് ചുരുങ്ങുവാനാകില്ല, വികസിക്കുവാൻ മാത്രമേ കഴിയൂവെന്ന് സമർഥിക്കാൻ അദ്ദേഹത്തിനായി. ക്വാണ്ടം തിയറിയുടെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും വെളിച്ചത്തിൽ തമോഗർത്തങ്ങളിൽ നിന്ന് ചൂട് പ്രസരിക്കുന്നുണ്ടെന്ന് ഹോക്കിങ് പ്രവചിച്ചു. ഇത് പിന്നീട് ഹോക്കിങ് റേഡിയേഷൻ എന്നറിയപ്പെടാൻ തുടങ്ങി. ആപേക്ഷികതാ സിദ്ധാന്തത്തിൽ നിന്ന് ഉരുത്തിരിഞ്ഞ തമോഗർത്തങ്ങളിൽ ക്വാണ്ടം മെക്കാനിക്സ് പ്രയോഗിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് അതുവരെ ആരും ചിന്തിച്ചിരുന്നില്ല. റേഡിയേഷൻ തുടർച്ചയായി പുറത്തുവരുക വഴി തമോഗർത്തം സാവധാനം ബാഷ്പീകരിക്കപ്പെട്ട് കോടാനുകോടി വർഷംകൊണ്ട് ഇല്ലാതാകുമെന്നും ഹോക്കിങ് പറഞ്ഞു.

2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ-പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ തമോഗർത്തങ്ങളെക്കുറിച്ച് അന്നുവരെ താൻ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്ന പലധാരണകളെയും തിരുത്തുന്ന പുതിയ സിദ്ധാന്തം അവതരിപ്പിച്ചു. ദൃശ്യ പ്രപഞ്ചത്തിൽ നിന്നും ശാഖകളായി പിരിയുന്ന ശിശു പ്രപഞ്ചങ്ങൾ എന്ന ആശയവും ഹോക്കിങ് അവതരിപ്പിച്ചു.

പൊതുവിഷയങ്ങളിലും ശക്തമായ അഭിപ്രായ പ്രകടനങ്ങൾ നടത്താറുള്ള അദ്ദേഹം അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോനാൾഡ് ട്രംപിന്റെ പരിസ്ഥിതി നയത്തെ ശക്തമായി എതിർത്തിരുന്നു. പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനം തിരിച്ചുവരാനാകാത്ത കടുത്ത സാഹചര്യത്തിലേക്ക് ഭൂമിയെ നയിക്കുമെന്ന് ഹോക്കിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദ യൂണിവേഴ്സ് ഇൻ എ നട്ട്ഷെൽ, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി എഴുതിയ ജോർജ്ജ്സ് സീക്രട്ട് കി റ്റു ദ യൂണിവേഴ്സ്, ദ ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി, ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം, ഡബ്ല്യു. ഇസ്രയേലിനൊപ്പം എഴുതിയ ജനറൽ റിലേറ്റിവിറ്റി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികൾ.

സ്റ്റീഫൻ ഹോക്കിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചു മുൻ ഭാര്യ ജെയിൻ വൈൽഡ് എഴുതിയ ‘’ട്രാവലിങ് ടു ഇൻഫിനിറ്റി, മൈ ലൈഫ് വിത്ത് സ്റ്റീഫൻ’’ എന്ന പുസ്തകവും അതിനെ ആധാരമാക്കി 2014-ൽ, ജയിംസ് മാർഷ് സംവിധാനം ചെയ്ത് ‘’ദ തിയറി ഓഫ് എവരിതിങ്’’ എന്ന സിനിമ നിർമ്മിച്ചിട്ടുണ്ട്.1978-ൽ ആൽബർട്ട് ഐൻസ്റ്റീൻ പുരസ്കാരത്തിന് അർഹനായി.

Leave a Reply

Your email address will not be published. Required fields are marked *